കടുത്തുരുത്തി: ജലക്ഷാമം രൂക്ഷമായിട്ടും എംവിഐപി കനാലിലൂടെ വെള്ളം തുറന്ന് വിടാത്തതിനാല്‍ കര്‍ഷകര്‍ ദുരിതത്തില്‍. മുന്‍വര്‍ഷങ്ങളില്‍ മഴക്കാലം മാറി ഉണക്ക് ആരംഭിച്ചപ്പോള്‍ തന്നെ കനാലിലൂടെ വെള്ളം തുറന്നു വിട്ടിരിന്നു. ഇടുക്കി ജില്ലയിലെ മലങ്കര ഡാമില്‍ നിന്നും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന എംവിഐപി കനാല്‍ വര്‍ഷങ്ങളായി പണി തീരാത്ത പദ്ധതിയാണ്.
കനാലും ഉപകനാലുമായി കിലോമീറ്ററുകള്‍ നീണ്ടു കിടക്കുന്ന ജലവിതരണ സംവിധാനം ഇപ്പോഴും പൂര്‍ണമായും പ്രയോജനപെടുത്താന്‍ കഴിഞ്ഞിട്ടില്ല. ദശാബ്ദങ്ങളായി തുടരുന്ന നിര്‍മാണപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. വേനല്‍കാലത്ത് കനാലിലൂടെ വെള്ളം ഒഴുക്കി ശുദ്ധജലക്ഷാമം പരിഹരിക്കാനുള്ള സംവിധാനങ്ങളൊന്നുമില്ല. ഞീഴൂര്‍, ഇലഞ്ഞി, കാണക്കാരി, കുറവിലങ്ങാട് പഞ്ചായത്തുകളിലൂടെ എംവിഐപി കനാല്‍ കടന്നു പോകുന്നുണ്ട്. വേനല്‍കാലത്ത് സുലഭമായി വെള്ളം ഒഴുക്കിയാല്‍ മാത്രമെ കനാല്‍ ജനങ്ങള്‍ക്ക് പ്രയോജനപെടൂ.
മലങ്കര അണക്കെട്ടില്‍ ജലനിരപ്പ് താഴുമ്പോള്‍ കനാലിലൂടെ വെള്ളം ഒഴുക്കുക എളുപ്പമല്ലെന്നാണ് ഉദ്യോഗ സ്ഥര്‍ പറയുന്നത്. മലങ്കര ഡാമില്‍ നിന്നും വിവിധ സ്ഥലങ്ങളിലൂടെ അമ്പതിലേറേ കിലോമീറ്ററുകള്‍ ഒഴുകിയാണ് വെള്ളം കനാലിലൂടെ കുറവിലങ്ങാട്, ഞീഴൂര്‍ ഉള്‍പെടെയുള്ള പഞ്ചായത്തുകളില്‍ എത്തുന്നത്. പലയിടത്തും ഉപകനാലുകളും ഉണ്ട്. ഇവയിലൂടെയും വെള്ളം തിരിച്ചുവിടുമ്പോള്‍ കനാലിലൂടെ ഒഴുകുന്ന വെള്ളത്തില്‍ ശക്തി കുറയും. ഇതു ദൂരത്തിലുള്ള സ്ഥലങ്ങളിലെ കനാലുകളില്‍ വെള്ളം എത്തുന്നതിനും തടസങ്ങളുണ്ടാക്കും.
കാടും പള്ളയും മൂടിയ അവസ്ഥയിലാണ് പലയിടത്തും എംവിഐപി കനാല്‍. കനാലിന് സമീപം താമസിക്കുന്ന വീടുകളില്‍ ഇഴജന്തുക്കളുടെയും കാട്ടുമൃഗങ്ങളുടെയും ശല്ല്യം രൂക്ഷമാണ്. മാലിന്യങ്ങള്‍ ഉപേക്ഷിക്കാനുള്ള കേന്ദ്രങ്ങളായി പലയിടത്തും കനാല്‍ മാറി കഴിഞ്ഞു. കനാല്‍ വറ്റി വരണ്ടതിനൊപ്പം സമീപത്തെ കിണറുകളും ജലസ്രോതസുകളു വരണ്ടുണങ്ങി കഴിഞ്ഞു. ഏക്കര്‍ കണക്കിന് പ്രദേശത്താണ് കനാല്‍ വെള്ളം പ്രതീക്ഷിച്ചു കൃഷി ചെയ്തത്.