പടവരാട്: കനാലിന് നടുവിൽ വീട് വച്ചതിനെ തുടർന്ന് വെള്ളം ഒഴുകി പോകാനാകാതെ കനാൽ കരകവിഞ്ഞു. പടവരാട് ആശാഭവൻ സ്കൂളിനു സമീപമാണ് സംഭവം. പീച്ചിയിൽ നിന്ന് ഇടതുകര കനാൽ വഴി തുറന്നു വിട്ട വെള്ളമാണ് ഒഴുകി പോകാനാകാതെ കൊഴുക്കുള്ളി, നടത്തറ, കാച്ചേരി, കുട്ടനെല്ലൂർ ഹെലിപാഡ്, കോഴിപാലം, പടവരാട് സെന്റർ വരെ എത്തി നിൽക്കുന്നത്. നാലു പതിറ്റാണ്ടിനു ശേഷമാണ് ജലസേചന വകുപ്പ് കനാൽ വൃത്തിയാക്കി വെള്ളം പടവരാട് എത്തിച്ചത്.
ശുദ്ധജല ക്ഷാമം രൂക്ഷമായതോടെയാണ് കനാൽ വൃത്തിയാക്കി വെള്ളം വിടാൻ തീരുമാനിച്ചത്. ആരും തിരിഞ്ഞു നോക്കാനില്ലാതായതോടെ കനാലിൽ വീടും വച്ച് താമസവും ചിലർ തുടങ്ങി. കഴിഞ്ഞ ദിവസം വെള്ളം വിട്ടപ്പോഴാണ് ഒഴുകി പോകാതെ കരകവിഞ്ഞതിനെ തുടർന്ന് ഉദ്യോഗസ്ഥർ നടപടിക്കൊരുങ്ങിയത്.
കനാൽ കൈയേറി കെട്ടിയ മതിൽ പൊളിച്ചു നീക്കി. കനാലിന് നടുവിൽ വീടു നിർമിച്ചയാൾക്കെതിരെ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുറന്പോക്ക് കൈയേറ്റക്കാർ കോടതിയിൽ പോയി സ്റ്റേ വാങ്ങിയത് നാട്ടുകാരെയും ഉദ്യോഗസ്്ഥരെയും വട്ടംകറക്കുകയാണിപ്പോൾ. കനാലിൽ വെള്ളം തുറന്നു വിട്ടതോടെ വീടുകളിലെ കിണറുകളിൽ വെള്ളം കൂടിവരികയാണ്.
കനാലിന് മുകളിൽ വീടു വച്ചതിനും തങ്ങൾക്ക് കൈവശാവകാശ രേഖയുണ്ടെന്നാണ് പ്രദേശ വാസികളുടെ വാദം. എന്നാൽ ഇപ്പോൾ വെള്ളം കനാലിലൂടെ ഒഴുകിയെത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് കാരണമായിരിക്കുന്നത്.