ചിറ്റൂർ: താലൂക്കിലെ കനാലുകളിൽ പ്ലാസ്റ്റിക് കവറുകൾ, പൊട്ടിയ കുപ്പികൾ വ്യാപാര സ്ഥാപനങ്ങളിൽനിന്നുള്ള മാലിന്യം തള്ളൽ എന്നിവ പെരുകുന്നു. ഇത്തരം നിയമ ലംഘനകൾ ഫലപ്രദമായി തടയാൻ ബാധ്യതയുള്ള ജലസേചന വകുപ്പ് അധികൃതർ ഒന്നുമറിയില്ലെന്ന മട്ടിൽ നിസംഗതയിലാണ്. റോഡിൽ വാഹനമിടിച്ചു ചാകുന്ന പൂച്ച, നായ മറ്റും അറവുമാലിന്യങ്ങളും കനാലുകൾ തള്ളുന്ന പ്രവണത ഏറുകയാണ്.
കന്നിമാരിയിൽ മൂലത്തറ ഇടതുകനാലിൽ വെള്ളത്തിൽ ഒഴുകിയെത്തിയ പാന്പ് കുളിക്കുകയായിരുന്ന സ്ത്രീയുടെ ശരീരത്തിൽ ചുറ്റിയത് പരിഭ്രാന്തി പരത്തിയിരുന്നു. സ്ത്രീ ഭയന്ന് ബഹളം വച്ചതോടെ ഓടിയെത്തിയ യുവാക്കൾ ചത്ത പാന്പാണെന്നു കണ്ടെത്തി. കനാലുകളിൽ തള്ളുന്ന പ്ലാസ്റ്റിക്ക് കവറും കുപ്പിച്ചില്ലുകളും വയലുകളിലെത്തുന്നത് പതിവാണ്. വയലുകളിൽ കൃഷിപ്പണിയെടുക്കുന്നവരുടെ കാലുകളിൽ കുപ്പിച്ചില്ലുകൾ തട്ടി പരിക്കേല്ക്കാറുണ്ട്.
തത്തമംഗലം കനാൽ ബണ്ടിൽ മത്സ്യക്കച്ചവടം നടത്തുന്നവർ മാലിന്യം കനാലിലാണ് ഒഴുക്കുന്നത്. വെള്ളം മലിനമാകുന്നതോടൊപ്പം കനാലിൽ വസ്ത്രശുചീകരണത്തിനും കുളിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുകയാണ്.ചപ്പുചവറുകളും മാലിന്യം തള്ളലുംമൂലം ബ്രാഞ്ച് കനാൽ, കാഡാ ചാലുകൾ കവിഞ്ഞൊഴുകിയ സംഭവങ്ങളും നടന്നിട്ടുണ്ട്. മുന്പ് പട്ടഞ്ചേരി കടുചിറയിൽ ബ്രാഞ്ച് കനാൽബണ്ട് കവിഞ്ഞൊഴുകി മൂന്ന് വീടുകളിലേക്ക് വെള്ളം കയറിയിരുന്നു. രാത്രസമയത്താണ് കനാൽ കവിഞ്ഞത്.
വീടിനകത്തു ഉറങ്ങുകയായിരുന്നവരുടെ ശരീരത്തിൽ വെള്ളം കയറിയതോടെയാണ് അപകടാവസ്ഥ തിരിച്ചറിഞ്ഞത്.
കനാലിന് താഴെ നാലടി താഴ്ചയിലാണ് മൂന്നു ഓലക്കുടിലുകൾ ഉണ്ടായിരുന്നത്. വീടിനകത്തു കുടിങ്ങിക്കിടന്നവരെ സമീപവാസികളും ഫയർഫോഴ്സും ചേർന്നാണ് രക്ഷപ്പെടുത്തിയത്.