കൊല്ലങ്കോട്: പലകപ്പാണ്ടി കനാലിൽ അടിഞ്ഞു കൂടിയ മണൽ മീങ്കര-ചുള്ളിയാർ ജലസംരക്ഷണസമിതി പ്രതിഷേധ സൂചകമായി നീക്കി തുടങ്ങി. അടിഞ്ഞുകൂടിയ മണൽമൂലം ചുള്ളിയാർഡാമിലേക്ക് വെള്ളം എത്തുന്നത് തടസപ്പെടുകയാണ്. ഇക്കാര്യം ഉന്നയിച്ച് ജലസംരക്ഷണസമിതി ചിറ്റൂർ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ, ജില്ലാ കളക്ടർ എന്നിവർക്കും നിവേദനം നല്കിയിരുന്നു.
മാസങ്ങളായിട്ടും അധികൃതർക്കു അനക്കമില്ലാതായതോടെയാണ് ഇന്നലെ രാവിലെ നൂറോളം കർഷകരും നാട്ടുകാരും ഉൾപ്പെട്ട ജലസംരക്ഷണസമിതിയംഗങ്ങൾ പലകപ്പാണ്ടി അക്വിസിഷൻ സ്ഥലത്തെ മണ്ണുനീക്കം ചെയ്തുതുടങ്ങിയത്. പ്രതിഷേധത്തിന്റെ ഭാഗമായി സമർക്കാർക്ക് കഞ്ഞിവച്ച് വിളന്പുകയും ചെയ്തു.
ജലസംരക്ഷണസമിതി ചെയർമാൻ എ.എൻ.അനുരാഗ്, ജനറൽ സെക്രട്ടറി സജേഷ് ചന്ദ്രൻ, രക്ഷാധികാരി ആർ.അരവിന്ദാക്ഷൻ, കോ-ഓർഡിനേറ്റർ പി.സതീഷ്, അനിൽ ബാബു, പഞ്ചായത്തംഗം അമാനുള്ള എന്നിവർ പ്രതിഷേധ മണ്ണുവാരൽ സമരത്തിനു നേതൃത്വം നല്കി.
പലകപ്പാണ്ടി കനാൽ അക്വിസിഷൻ ബണ്ടിനടുത്തായി അരക്കിലോമീറ്റർ ദൂരത്തിൽ രണ്ടടിയോളം മണ്ണാണ് അടിഞ്ഞു കിടക്കുന്നത്. സമിതിയംഗങ്ങൾ മണ്ണു നീക്കം ചെയ്യുന്നതിനു കൈക്കോട്ടും മറ്റും കൊണ്ടുവന്നിരുന്നു.മണ്ണുനിറഞ്ഞതിനാൽ മഴതുടങ്ങിയാലും ചുള്ളിയാറിലേക്കു വെള്ളംപോകാതെ ബണ്ട് കവിഞ്ഞൊഴുകി ജലക്ഷാമം നേരിടുമെന്നാണ് സമിതി പറയുന്നത്.
കാർഷികാവശ്യത്തിനു പുറമേ കുടിവെള്ളത്തിനും ചുള്ളിയാറിലെ വെള്ളം ഉപകരിക്കുന്നുണ്ട്.പലകപ്പാണ്ടി കനാൽ ശുചീകരണത്തിനു ടെണ്ടർ നല്കുമെന്ന് സർക്കാർ അറിയിക്കാറുണ്ടെങ്കിലും നടപടി മാത്രം ഉണ്ടായില്ല.
ഈ സാഹചര്യത്തിലാണ് സൂചനാസമരം എന്നനിലയിൽ മണൽനീക്കത്തിന് തുടക്കമിട്ടത്. ഇനിയും നടപടിയുണ്ടായില്ലെങ്കിൽ മീങ്കര-ജലസംരക്ഷണസമിതി പൊതുജന സഹകരണത്തോടെ ശക്തമായ സമരത്തിനു രൂപം നല്കുമെന്നു മുന്നറിയിപ്പുനല്കി.