തലയോലപ്പറന്പ്: മൂവാറ്റുപുഴ ആറും കെ വി കനാലും സംഗമിക്കുന്ന താഴപ്പള്ളിയിൽ സ്ഥാപിച്ച മുട്ട് പൊളിച്ചുനീക്കാത്തത് തലയോലപ്പറന്പിലെ പടിഞ്ഞാൻ മേഖലയിലെ ജനജീവിതം ദുരിതപൂർണമാക്കുന്നു. തലയോലപ്പറന്പ് പഞ്ചായത്ത് ഓഫീസിനു സമീപം ചന്ത പാലത്തിൽ ഓരുജലത്തെ ചെറുക്കാൻ സ്ഥാപിച്ചിട്ടുള്ള ഷട്ടർ താഴപ്പള്ളിഭാഗത്ത് പുഴയും കനാലുംചേരുന്ന ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിനാണ് മുട്ടു സ്ഥാപിച്ചത്.
മുട്ട് സ്ഥാപിച്ചശേഷംനിർമാണ പ്രവർത്തനങ്ങൾക്കായി കരിങ്കല്ലും തെങ്ങിൻകുറ്റികളും ഇറക്കിയിട്ടിട്ടുണ്ടെങ്കിലും ഒരു വർഷത്തിലധികമായി പണി ആരംഭിച്ചില്ല. ഈ മുട്ടിനു പുറമെ ഉമ്മാംക്കുന്ന് ഭാഗത്തേക്ക് വെള്ളമെത്തിക്കാൻ കെ വി കനാലിൽ നിന്ന് വെള്ളമൊഴുക്കാൻ പുതിയ കനാൽവെട്ടിയപ്പോൾ കനാലിനു കുറുകെ കെട്ടിയ മുട്ടും പൊളിച്ചിട്ടില്ല. ചന്ത പാലത്തിലെ ഷട്ടറും താഴ്ത്തിയിരിക്കുകയാണ്.
മാസങ്ങളായി നീരൊഴുക്കുനിലച്ച കനാലിൽ പോളയും പായലും മാലിന്യങ്ങളും നിറഞ്ഞ് ദുർഗന്ധം വമിക്കുകയാണ്. ജലം മലിനമായതോടെ കനാലിലും സമീപ തോടുകളിലും ഇറങ്ങുന്നവരുടെ ദേഹം ചൊറിഞ്ഞു തടിക്കുകയാണ്. നീരൊഴുക്കില്ലാതായതോടെ വടയാർ കോരിക്കൽ, മത്താനം ഭാഗങ്ങളിലെ കിണറുകളും കുളങ്ങളും വറ്റിവരണ്ടു.
ജലസേചനത്തിന് മാർഗമില്ലാതായതോടെ മാത്താനം പാടശേഖരത്തിലെ 80 ഏക്കറോളം നെൽകൃഷിയും ഈ പ്രദേശത്തെ വാഴ, പച്ചക്കറി കൃഷി തുടങ്ങിയവയും നശിച്ചു തുടങ്ങി. മുട്ട് സ്ഥാപിച്ച ശേഷം നിർമാണ പ്രവർത്തനം ത്വരിതപ്പെടുത്താതെ അധികൃതർ അനാസ്ഥ തുടരുന്നത് ഇനിയും അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്താനാണ് നാട്ടുകാരുടേയും കർഷകരുടേയും തീരുമാനം.