വണ്ടിത്താവളം: പന്തൽമൂച്ചി പാറമേട്ടിൽ കനാൽബണ്ട് തകർന്നതുമുലം തടസപ്പെട്ട ജലവിതരണം പുനരാരംഭിച്ചു. പത്തൊന്പതുദിവസം മുന്പാണ് പാറമേട്ടിൽ ഇടതുകനാലിന്റെ തെക്കുഭാഗം ബണ്ട് പതിമൂന്ന് മീറ്റർ നീളത്തിൽ തകർന്ന് സമീപ വീടുകളിലേക്കും നടീൽ പാടങ്ങളിലും വെള്ളം കയറി വ്യാപക നാശമുണ്ടായത്.
ഇതുമൂലം പട്ടഞ്ചേരി, പുതുനഗരം, കൊടുവായൂർ, പെരുവെന്പ് ഉൾപ്പെടെ എട്ടു പഞ്ചായത്ത് പ്രദേശങ്ങളിൽ നടീൽപ്പാടങ്ങളിൽ വെള്ളം ലഭിക്കാതെ ഉണക്കം തട്ടിയിരുന്നു. തകർന്ന കനാൽബണ്ട് പുനർനിർമിച്ച് ജലവിതരണം തുടങ്ങണമെന്നാവശ്യപ്പെട്ട് കർഷകർ സമരത്തിന് ഇറങ്ങിയിരുന്നു.
ഈ സാഹചര്യം കണക്കിലെടുത്ത് ജലസേചന വകുപ്പുമേധാവികൾ ബണ്ട് തകർന്ന സ്ഥലത്ത്് മണൽചാക്ക് നിരത്തി താത്കാലിക ബണ്ട് നിർമിച്ചിരുന്നു കഴിഞ്ഞ പതിനഞ്ചുദിവസം തുടർച്ചയായി ജോലിചെയ്താണ് താത്കാലിക ബണ്ട് പുനർനിർമിച്ചത്. അത്തിമണിയിലും തകർന്ന ബണ്ട് കോണ്ക്രീറ്റ് ചെയ്ത് പുനർനിർമിച്ചു.
ഇന്നലെ ഒന്നരമീറ്റർ ഉയരത്തിലാണ് പരീക്ഷണാർത്ഥം ജലവിതരണം തുടങ്ങിയത്. ഇന്നുമുതൽ ജലവിതരണത്തിന്റെ തോത് രണ്ടരമീറ്ററാക്കി ഉയർത്തുമെന്നു വകുപ്പ് അധികൃതർ അറിയിച്ചു. ഇന്നലെമുതൽ രണ്ടാംവിളകൃഷി പണികളും തുടങ്ങി. ആദ്യഘട്ടത്തിൽ ഒരാഴ്ച ജലവിതരണം നടത്തും.