രാജു കുടിലിൽ
ഏറ്റുമാനൂർ: സ്വകാര്യ പങ്കാളിത്തത്തോടെ ദേശീയ ജലപാതകൾ വികസിപ്പിക്കാനുള്ള കേന്ദ്ര പദ്ധതിയിൽ കേരളത്തിൽ നിന്നു മൂന്നു ജലപാതകൾ. ആലപ്പുഴ- ചങ്ങനാശേരി കനാൽ, ആലപ്പുഴ- കോട്ടയം- അതിരന്പുഴ കനാൽ, കോട്ടയം-വൈക്കം കനാൽ എന്നിവയാണു പദ്ധതിയിൽ ഉൾപ്പെടുത്തിയ ജലപാതകൾ.
ഈ മൂന്നു കനാലുകൾ ഉൾപ്പെടെ രാജ്യത്തെ 106 ജലപാതകളെ കേന്ദ്ര സർക്കാർ നേരത്തേ ദേശീയ ജലപാതകളായി പ്രഖ്യാപിച്ചിരുന്നു. 24 ജലപാതകളെ ആദ്യഘട്ട വികസനത്തിനായി തെരഞ്ഞെടുത്തതിലും ഇവയുണ്ട്. റോഡ്, റെയിൽ വികസന മാതൃകയിൽ സ്വകാര്യ പങ്കാളിത്തത്തോടെയാണുപദ്ധതി.
പദ്ധതിക്ക് കഴിഞ്ഞ ദിവസം നടന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. ആറ് വർഷമാണ് കാലാവധി. 25,000 കോടി രൂപയാണു പദ്ധതിയുടെ ആകെ ചെലവ്. കേന്ദ്ര റോഡ് ഫണ്ടിൽനിന്ന് ഈ തുക കണ്ടെത്തും. പദ്ധതിയുമായി ബന്ധപ്പെട്ട് അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ബിൽ പാസാക്കും. ഗതാഗത, ചരക്കുനീക്ക സാധ്യതകൾ പരിഗണിച്ചാണ് ആദ്യഘട്ട വികസനത്തിനുള്ള ജലപാതകൾ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ജോസ് കെ. മാണി എംപി ദീപികയോടു പറഞ്ഞു. പ്രധാന പാതകളുടെ വികസനമാകും ആദ്യം. പിന്നീട് അവയോടു ചേർന്നുള്ള കനാലുകൾ വികസിപ്പിക്കും.
തെരഞ്ഞെടുക്കപ്പെട്ട ജലപാതകളിൽ രണ്ടെണ്ണം ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉൾപ്പെടുന്നതും ഒരെണ്ണം കോട്ടയം ജില്ലക്കുള്ളിൽ വരുന്നതുമാണ്. പരന്പരാഗത വാണിജ്യകേന്ദ്രങ്ങളായ അതിരന്പുഴയെയും ചങ്ങനാശേരിയെയും കൊല്ലം- കോട്ടപ്പുറം ദേശീയ ജലപാതയുമായി ബന്ധപ്പെടുത്തി ദേശീയ നിലവാരത്തിൽ പുതിയ ജലപാതകൾ വരുന്നതു മധ്യകേരളത്തിലെ വാണിജ്യ മേഖലക്ക് ഉണർവേകും. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന റോഡുകളിലൂടെയുള്ള ചരക്കുനീക്കം സമയനഷ്ടത്തിനും അധികച്ചെലവിനും ഇടയാക്കുന്നുണ്ട്. ജലപാതാ വികസനം ഇതിനും ഒരു പരിധിവരെ പരിഹാരമാണ്.