കാവ്യാഖ്യായികയുടെ താളുകളിൽ കണ്ട കഥാപാത്രം അരങ്ങിലെത്തി നമ്മളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും പിന്നെ കനലിലിട്ട് ചുട്ടുപൊള്ളിക്കുകയും ചെയ്യുന്ന ഒരനുഭവം.
അപൂർവമാണത്, അതുകൊണ്ടുതന്നെ വിസ്മയകരവും. പ്രശസ്തകവി പ്രഭാവർമയുടെ കനൽച്ചിലന്പ് എന്ന കാവ്യാഖ്യായികയിലെ പാൽ വിൽപനക്കാരി നാടകാരങ്ങിലക്ക് ഇറങ്ങിവന്ന് അവളുടെ കഥ പറഞ്ഞപ്പോൾ അങ്ങനെയൊരു അദ്ഭുതമാണ് അനുഭവവേദ്യമായത്.
ഇക്കഴിഞ്ഞ ആഴ്ച തലസ്ഥാനത്തെ സൂര്യഗണേശത്തിൽ ആണ് കനലാട്ടം അരങ്ങേറിയത്. അർപ്പണ ഫൗണ്ടേഷനാണ് നാടകം അവതരിപ്പിച്ചത്. നാടകനടനും സംവിധായകനും സെന്റർ ഫോർ പെർഫോമിംഗ് ആർട്സ് മുൻ ഡയറക്ടറുമായ ഡോ.
രാജാ വാര്യർ ആണ് കനലാട്ടത്തിന്റെ സംവിധായകൻ.
കാവ്യരൂപത്തിലെ നോവലായ കനൽച്ചിലന്പിലെ കേന്ദ്രകഥാപാത്രമായ പാൽവിൽപനക്കാരിയെ നാടകത്തിലെ ഏകപാത്രമായി പ്രതിഷ്ഠിക്കുക എന്നത് ഒട്ടും എളുപ്പമല്ല. അതിസങ്കീർണമായ ജീവിതാവസ്ഥകളിലൂടെ കടന്നുപോകുന്ന, ജീവിതം തന്നെ ദുരന്തങ്ങളുടെ പര്യായമായി മാറുന്ന നായികയാണ്.
സംഗീതവും താളവും നൃത്തവും ഇഴചേർത്താണ് ഡോ. രാജാ വാര്യർ കനലാട്ടത്തെ സാക്ഷാത്കരിച്ചത്. ഡോ. രാജാ വാര്യരുടെ നാടകസംവിധാന രംഗത്തെ പ്രാവീണ്യവും അനുഭവപരിചയവും നാടകത്തിന്റെ മികവ് കൂട്ടി. കാവാലം സജീവൻ ആണ് ആലാപനം.
പാൽക്കുടം താഴെവീണുടഞ്ഞിട്ടും പാൽക്കാരി എന്തുകൊണ്ട് ചിരിക്കുന്നു എന്ന സമസ്യയും സമസ്യപോലെ നീളുന്ന ജീവിതവും സമസ്യാപൂരണവും നിറയുന്നതാണ് കാവ്യാഖ്യായിക. മികച്ച കൈത്തഴക്കത്തോടെ നാടകരൂപാന്തരം നൽകിയിരിക്കുന്നത് നാടകരചയിതാവായ ഡോ.ടി. ആരോമലാണ്.
പാൽ വിൽപനക്കാരിയായി അരങ്ങിലെത്തിയ അനുഗൃഹീത നടി ഗിരിജാ സുരേന്ദ്രൻ കനലാട്ടത്തെ അക്ഷരാർഥത്തിൽ അനുഭവിപ്പിക്കുകയാണ്. ഏകാന്ത നാടകത്തിന്റെ ഒരു വ്യാകരണവുമറിയാത്ത സാധാരണ ആസ്വാദകരെപ്പോലും കനലാട്ടത്തിനുള്ളിലേക്ക് ഗിരിജാ സുരേന്ദ്രൻ കൈപിടിച്ചു കയറ്റുകയായിരുന്നു.
പാൽക്കുടവും തലയിലേറ്റി എത്തുന്ന പാൽക്കാരിയിലൂടെയാണ് കനലാട്ടം ആരംഭിക്കുന്നത്. തന്റെ ജീവിതത്തിന്റെ ഏകമാർഗമായ പാൽക്കുടം താഴെവീണ് ചിതറുന്പോൾ പൊട്ടിപ്പൊട്ടി ചിരിക്കുന്ന പാൽക്കാരി പിന്നീട് അവളുടെ കഥ പറയുകയാണ്. തന്റെ പ്രിയതമനും അരുമമകനുമൊത്തുള്ള കൊച്ചുജീവിതം പങ്കുവച്ചപ്പോൾ അവൾ കാറ്റിന്റെ കാണാച്ചിറകിലേറി, ആകാശമുല്ലയിൽ നിന്നും പൂക്കളടർത്തി മേലാകെയിട്ടു.
പെട്ടെന്നാണ് ഒരു മേഘഗർജനത്തിനൊപ്പം നാടുവാഴുന്ന മഹാരാജാവ് കടന്നുവന്നത്. നായികയിൽ മോഹാവേശനായ അയാൾ അധികാരത്തിന്റെ വാൾ കൊണ്ട് ആ കുടുംബത്തെ വെട്ടിപ്പിളർക്കുകയാണ്. പ്രിയതമനെ കാരാഗൃഹത്തിലടച്ച ശേഷം അവളെ ബലം പ്രയോഗിച്ച് റാണിമാരിൽ ഒരുവളാക്കുന്നു. താൻ വീടുവിട്ടുപോരുന്പോൾ ജ്വരം ബാധിച്ച് മരിച്ച ഏക മകനെക്കുറിച്ചുള്ള ഓർമയിൽ പൊള്ളി നീറുന്ന നായികയ്ക്ക് മഹാരാജാവിന്റെ പട്ടുമെത്ത മുള്ളാണി പതിച്ച പരുക്കൻ നിലമാകുന്നു.
ഉടലും ഉയരും ആ വിങ്ങൽ കാർന്നെടുക്കുന്പോൾ ഒരു സ്വപ്നദർശനം അവളെ തേടിയെത്തുന്നു. തന്റെ പ്രിയതമൻ ഭിക്ഷുവായെത്തുമെന്ന ആ സ്വപ്നനാരിൽ അള്ളിപ്പിടിച്ചവൾ കൊട്ടാരത്തിന്റെ വാതിലുകൾ മലർക്കെ തുറന്നിടുന്നു. ഭിക്ഷുവായെത്തുന്ന പ്രിയതമനെ കണ്ട നിമിഷത്തിൽത്തന്നെ അവൾ തിരിച്ചറിയുന്നുണ്ട്.
കൊട്ടാര സൗഭാഗ്യങ്ങളെല്ലാം വിട്ടെറിഞ്ഞ് പ്രിയപ്പെട്ടവന്റെ അടുത്തേക്കുള്ള യാത്രയ്ക്കിടയിൽ അവൾക്ക് മഹാരാജാവിനെ കൊല്ലേണ്ടതായും വരുന്നു. ഇതിനിടയിൽ വെട്ടേറ്റ് രാജാവിൽപ്പിറന്ന ആൺകുഞ്ഞിന് നെറ്റിയിൽ മുറിവേൽക്കുന്നുമുണ്ട്. വസന്തപഞ്ചമി നാളിൽ പ്രിയതമനെ തേടി ആൽത്തറയിൽ എത്തുന്ന നായിക കാണുന്നത് വിഷദംശനമേറ്റ ഭർത്താവിന്റെ നീലിച്ച മൃതദേഹമാണ്.
കാട്ടിനുള്ളിൽ ഒറ്റയ്ക്ക് അകപ്പെടുന്ന നായികയെ മനുഷ്യകഴുകന്മാർ പിച്ചിച്ചീന്തുന്നു. അവളുടെ ശരീരത്തെ ശുശ്രൂഷിച്ച് കച്ചവട വസ്തുവാക്കുന്നത് ഗണികാലയത്തിലെ ഉടമസ്ഥയും. മനസ് സ്വന്തം പ്രിയതമന്റെ ചേതസറ്റ ശരീരത്ത് അർപ്പിച്ച് കഴിഞ്ഞ നായിക സ്വന്തം ശരീരം കൊണ്ട് നടത്തുന്ന അമ്മാനാട്ടം വാക്കുകൾക്ക് അതീതമാണ്.
സ്വർണപ്പല്ലക്കും പണവും അവളെ തേടിയെത്തുന്നു. ഒരിക്കൽ ഗണികാലയത്തിൽ എത്തുന്ന യുവാവ് സ്വന്തം മകനാണെന്ന് നായിക അറിയുന്നു. ഹൃദയം പൊട്ടിച്ചിതറുന്ന വേദനയിൽ അവൾ നിലവിളിക്കുകയാണ്… മകന്റെ നെറ്റിയിലെ മുറിവിൽ തലോടി മരണച്ചിതയിലേക്ക് പിന്നെ എടുത്ത് ചാടുന്നു.
പാതിവെന്ത ഉടലുമായ വിധി ജീവിതത്തിലേക്ക് വീണ്ടും അവളെ തള്ളിയിടുന്നു. ഗണികാലയത്തിന്റെ ഉടമസ്ഥ പകുതിവെന്ത ശരീരത്തെ പാൽവിൽപനക്കാരന് വിൽക്കുന്നു. ജീവിതം മുഴുവൻ വീണുടഞ്ഞിട്ടും ഒരു പ്രത്യേക തരത്തിൽ ചുവടു വച്ചും താളത്തിൽ പാൽ കറന്നെടുത്തും വിലാസലോലയായി അവൾ നടക്കുകയാണ്. ഇതിനിടെയിലാണ് പാൽക്കുടം താഴെവീണ് ചിതറുന്നത്.
ഒരുമാത്ര മാത്രം നായികയുടെ മുഖത്ത് നിഴലിക്കുന്ന ഒരു അന്പരപ്പുണ്ട്. ആ മാത്രയിൽ തന്നെ അവൾ പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു. ഒടുവിൽ പാൽ വിൽപനക്കാരിയുടെ നെയ്തലാന്പൽ കുളത്തിലെ ജലസമാധിയും ആസ്വാദകർ അനുഭവിക്കുന്നു.
കനൽച്ചിലന്പിന്റെ ഒടുവിൽ കവി പ്രഭാവർമ കുറിച്ചിടുന്ന
“ഇതുകണ്ടു നിറയാനായ്
വരുന്നു; ജീവിതത്തിൻ
സമസ്യയീവിധം പൂർത്തീ-
കരിക്കുന്നു ദിനവും!’
എന്ന വരികൾ നായിക ആവാഹിക്കുന്പോൾ നാടകത്തിനു സമാപ്തി.
എസ്. മഞ്ജുളാദേവി