പേരാമ്പ്ര: ജലസേചനത്തിനായി കുറ്റ്യാടി ഡാം തുറന്നു ഒരാഴ്ച തികയും മുമ്പു തന്നെ സാമൂഹ്യ ദ്രോഹികൾ പ്രധാന കനാലിൽ മാലിന്യ നിക്ഷേപവും തുടങ്ങി.
പെരുവണ്ണാമൂഴിയിൽ നിന്നു മൂന്നു കിലോമീറ്റർ പിന്നിടുമ്പോൾ വെള്ളമെത്തുന്നത് പട്ടാണിപ്പാറയിലാണ്. ഇവിടെ നിന്നാണു കൊയിലാണ്ടി വടകര കനാലുകൾ തുടങ്ങുന്നത്.
കൊയിലാണ്ടിക്കുള്ള കനാൽ ഇന്നലെ അൽപ്പം തുറന്നു. ഇന്നു മുതൽ വെള്ളത്തിന്റെ തോത് കൂട്ടും. ഈ കനാൽ തുടങ്ങുന്ന ഭാഗത്ത് വൻതോതിൽ ഗർഭനിരോധന ഉറകൾ നിക്ഷേപിച്ച നിലയിൽ കണ്ടെത്തി. സർക്കാർ ആശുപത്രികളിൽ സൂക്ഷിക്കുന്ന ‘നിരോധ് ‘ ഇനമാണിത്.
കനാലിൽ വെള്ളമുയരുമ്പോൾ ഇത് ഒഴുകി പല ഭാഗത്തുമെത്തും. ഇത് പല വിധ പ്രശ്നങ്ങൾക്കിടയാക്കും. ഇതിനെതിരെ ജലസേചന വകുപ്പും സന്നദ്ധ സംഘടനകളും ബോധവൽക്കരണ പരിപാടികൾ നടത്താറുണ്ടെങ്കിലും പ്രയോജനമുണ്ടാകുന്നില്ല.
കൃഷി നനക്കാൻ മാത്രമല്ല കുടിവെള്ളവുമാണു കനാൽ ജലം. നിറഞ്ഞൊഴുകുമ്പോൾ കനാലിന്റെ ഇരുഭാഗങ്ങളിലുമുള്ള ജലസ്റോതസുകൾ സജീവമാകും.
കനാലിൽ ഗർഭനിരോധന ഉറകൾ നിക്ഷേപിച്ചവരെ കണ്ടെത്താൻ നിയമ നടപടി സ്വീകരിക്കാൻ ജലസേചന വകുപ്പു തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.