തളിക്കുളം: എല്ലാവരും നിയമങ്ങളുടെ മുന്നിൽ ഒന്നാണെന്ന കാര്യം മനസിലാക്കണമെന്ന് ഓർമിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഈ ഐക്യബോധമാണ് പുരോഗമനചിന്തയിൽ വളർത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നുദിവസം നീണ്ടുനിന്ന ബാലവേദി ജില്ലാ പഠനക്യാന്പ് മർമരം 2017 സമാപനസമ്മേളനം തളിക്കുളം സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയതലമുറ മാഫിയസംഘങ്ങളുടെ കൈയിൽ അകപ്പെട്ടുകൊണ്ടിരിക്കുകയാണ്. മദ്യവും മയക്കുമരുന്നുകളുമാണ് കാന്പസുകളെ നയിക്കുന്നത്. ശരിയായ രാഷ്ട്രീയബോധവും സാമൂഹ്യബോധവും ഇല്ലാത്താണ് ഇതിനുകാരണം.
വിദ്യാർഥി പ്രസ്ഥാനങ്ങൾ പലതും സ്വീകരിക്കുന്ന മാർഗങ്ങൾ ശരിയാണെന്ന് ഞങ്ങൾ ഒരിക്കല്ലും പറഞ്ഞിട്ടില്ല. പുരോഗതിയുടെ ചക്രങ്ങളെ പുറകോട്ട് വലിക്കുന്ന ഇരുട്ടിന്റെ ശക്തികൾ ബാലമനസുകളിൽ വിഷം കുത്തിവയ്ക്കുന്നു. പുതിയ തലമുറ തെറ്റായ ചിന്താഗതികളിലൂടെ പോകുന്ന സന്ദർഭമാണിത്. മനുഷ്യസ്നേഹത്തിന് പകരം വയ്ക്കുന്നത് ലാഭമോഹമാണ്. കാനം ആരോപിച്ചു.
ഗീതാഗോപി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാർ, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, ബാലവേദി ജില്ലാ പ്രസിഡന്റ് പി.കെ. അൽദാസ്, കെ.എസ്. അക്ഷയ്, സംഘാടകസമിതി ചെയർമാൻ ഫ്രഫ. ടി.ആർ. ഹാരി, പി. ബാലചന്ദ്രൻ, നാട്ടിക ഗ്രാമപഞ്ചായത്ത് അംഗം സന്ധ്യ രാമകൃഷ്ണൻ, പി.വി. ഉസ്മാൻ, കെ.എം. കിഷോർകുമാർ,സുബിൻനാസർ, വിഷ്ണു, കെ.കെ. ജോബി, കെ.പി. സന്ദീപ്, ഷീന പറയങ്ങാട്ടിൽ, എം. സ്വർണലത, ഇ.എം. സുഗതൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. കെ.എം. ജയദേവൻ സ്വാഗതവും സജിന പർവ്വിൻ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.