സ്വന്തം ലേഖകൻ
തൃശൂർ: കോവിഡിനെതിരായ പോരാട്ടം നടക്കുന്പോൾ എന്തിലും തെറ്റു കണ്ടുപിടിക്കാനാണു പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രതിസന്ധി കാലത്ത് എന്തുകൊണ്ടാണ് അവർ ഇങ്ങനെ ചെയ്യുന്നതെന്ന് അവർതന്നെ മറുപടി പറയേണ്ടതുണ്ട്.
കേന്ദ്ര സർക്കാരിനെതിരേ സിപിഐ തൃശൂർ ജില്ലാ കമ്മിറ്റി നടത്തുന്ന വർച്വൽ ജാഥ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടന നൽകുന്ന സംരക്ഷണം എല്ലാ ജനങ്ങൾക്കും ലഭ്യമാകണം. രാമക്ഷേത്രം ശിലാന്യാസത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു. മതനിരപേക്ഷ രാജ്യത്തിന്റെ പ്രധാനമന്ത്രി അങ്ങനെ ചെയ്യാമോ.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പള്ളി പണിയുന്പോൾ പ്രധാനമന്ത്രി പങ്കെടുക്കുമോ. മതത്തെ രാഷ്ട്രീയമായി കൂട്ടിക്കുഴയ്ക്കരുത്. കോർപറേറ്റുകളെ സഹായിക്കുകയും പാവപ്പെട്ടവരെ കൈവിടുകളും ചെയ്ത നിലപാടാണ് ഈ കോവിഡ് ദുരിതകാലത്തുപോലും കേന്ദ്ര സർക്കാർ ചെയ്തത്. കാനം രാജേന്ദ്രൻ പറഞ്ഞു.
സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇന്നും നാളേയുമാണ് ഈ ജാഥ നടക്കുക. അനുഭാവികളെക്കൊണ്ട് പരമാവധി ലൈക്ക്, കമന്റ്, ഷെയർ ചെയ്യിച്ചുകൊണ്ടാണ് വെർച്വൽ ജാഥ വിജയിപ്പിക്കുന്നത്.
ഇതിനായി ഓരോ പ്രാദേശിക കമ്മിറ്റിക്കും ക്വാട്ടയും ടാർജറ്റും നൽകിയിട്ടുണ്ട്. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വൽസരാജാണ് ജാഥ നയിക്കുന്നത്.