തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ സത്യവാങ്മൂലം തുടരുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.
ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് കാനം ഇങ്ങനെ പറഞ്ഞത്. ഹിന്ദുധർമത്തിൽ പ്രാവീണ്യമുള്ളവരാണ് യുവതീപ്രവേശത്തിൽ അന്തിമതീരുമാനം എടുക്കേണ്ടതെന്നു സത്യവാങ്മൂലത്തിൽ ഉണ്ടെന്നു കാനം സൂചിപ്പിച്ചു.
ഹിന്ദുധർമത്തിൽ പ്രാവീണ്യമുള്ള ആളുകളെ വച്ച് ഒരു ഉപദേശക സമിതിയുടെ അഭിപ്രായം ആരാഞ്ഞു വിധി പ്രഖ്യാപിക്കണമെന്നായിരുന്നു സർക്കാർ പറഞ്ഞതെന്നും സ്ത്രീ പുരുഷ സമത്വത്തിൽ മറ്റ് പാർട്ടികൾ നിലപാടു വ്യക്തമാക്കട്ടെയെന്നും കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.
അതേസമയം, ശബരിമല വിഷയത്തിൽ കഴിഞ്ഞുപോയ കാര്യങ്ങളിൽ തിരിച്ചുപോയി വിവാദമുണ്ടാക്കേണ്ടതില്ലെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി കൂടുതൽ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കണമായിരുന്നുവെന്നും എം.എ. ബേബി അഭിപ്രായപ്പെട്ടു.