മൂന്നുപീടിക: ഭരണഘടനക്ക് മുകളിൽ വിശ്വാസത്തെ കൊണ്ട് വരാനാണ് സംഘപരിവാർ ശ്രമമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആരോപിച്ചു. സി പി ഐ പടിയൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഭരണഘടനയെ വിശ്വാസത്തിനു താഴെയാക്കാനുള്ള ശ്രമങ്ങളാണ് ഒരു വിഭാഗം നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങളെ വിശ്വാസിയെയും അവിശ്വാസിയെന്നും വേർ തിരിച്ചു ചേരിതിരിവ് സൃഷ്ടിക്കുകയാണ് ഈ വിഭാഗം ചെയ്യുന്നത്. ഇന്ത്യൻ ഭരണ ഘടനയിൽ നിന്ന് കൊണ്ട് മാത്രമേ ഏതൊരു സർക്കാരിനും പ്രവർത്തിക്കാൻ കഴിയൂ. ശബരിമല വിഷയത്തിൽ ബി ജെ പിയുടെ സമരം യഥാർഥത്തിൽ സുപ്രീം കോടതിക്കെതിരെയായിരുന്നു.
പോരാട്ടങ്ങളിലൂടേയും സമരങ്ങളിലൂടെയും നേടിയെടുത്ത നവോഥാന മൂല്യങ്ങൾ സ്ത്രീകളുടെ പേര് പറഞ്ഞു ഇല്ലാതാക്കാനും അതിലൂടെ കേരളത്തെ പിന്നോട്ട് നടത്താനും ശ്രമം നടക്കുന്നുണ്ട്. അതിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ചു കലാപം സൃഷിക്കാനും ശ്രമങ്ങൾ നടത്തുന്നതായും കാനം രാജേന്ദ്രൻ ആരോപിച്ചു.
കേരളത്തെ പുറകോട്ടടിപ്പിക്കാൻ ശ്രമിക്കുന്ന ഇത്തരം പ്രവർത്തങ്ങൾക്കെതിരെ ജനങ്ങളെ ഒന്നിപ്പിക്കാനും നവോഥാന മൂല്യങ്ങളെ സംബന്ധിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനും കൂടിയാണ് വനിതാ മതിൽ സംഘടിപ്പിക്കുന്നതെന്നും കാനം പറഞ്ഞു.
കെ.വി.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ.ഉദയപ്രകാശ്, പടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ വിശ്വംഭരൻ എന്നിവരെ യോഗത്തിൽ ആദരിച്ചു. കെ.ശ്രീകുമാർ, പി.മണി, കെ.എസ.രാധാകൃഷ്ണൻ, കെ.സി.ബിജു, ഇ.കെ.രാജൻ തുടങ്ങിയവർ സംസാരിച്ചു.