തൊടുപുഴ: സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സംസ്ഥാന സമിതിയംഗങ്ങളെ തെരഞ്ഞെടുത്തപ്പോൾ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിശ്വസ്തനായ വാഴൂർ സോമനെ ഒഴിവാക്കിയത് ഇടുക്കിയിലെ തോട്ടം മേഖലയിൽ തൊഴിലാളികൾക്കിടയിൽ കൂടുതൽ കരുത്താർജിക്കാനുള്ള കാനത്തിന്റെ നീക്കത്തിനു തിരിച്ചടിയാകും.
സിപിഐ സംസ്ഥാനസമിതിയംഗത്തിനു പുറമെ എ ഐ ടിയു സി സംസ്ഥാന വൈസ് പ്രസിഡന്റും വെയർഹൗസിംഗ് കോർപ്പറേഷൻ ചെയർമാനുമായ വാഴൂർ സോമൻ ഈ സ്ഥാനമാനങ്ങളെല്ലാം നേടിയതു തന്നെ കാനം രാജേന്ദ്രന്റെ പിൻബലത്തിലായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇ.എസ്. ബിജിമോളെ പീരുമേട് മണ്ഡലത്തിൽ തോൽപ്പിക്കാൻ വാഴൂർ സോമൻ കരുനീക്കം നടത്തിയെന്ന പരാതി പാർട്ടി കണ്ട്രോൾ കമ്മീഷനു മുന്നിലെത്തിയിരുന്നു. എന്നാൽ പാർട്ടിയിലെ മുതിർന്ന നേതാവ് കെ.ഇ. ഇസ്മായിലിനെതിരെ കണ്ട്രോൾ കമ്മീഷനിൽ എത്തിയ പരാതി പാർട്ടി സംസ്ഥാന സമ്മേളനത്തിൽ ചർച്ചയായപ്പോൾ വാഴൂർസോമനെതിരെയുള്ള പരാതി സമ്മേളനത്തിൽ കാര്യമായി ഉയർന്നു വരാതിരുന്നതും കാനത്തിന്റെ ഇടപെടലിനെ തുടർന്നായിരുന്നു.
രാഷ്ട്രീയത്തിൽ തനിയ്ക്ക് ഗോഡ്ഫാദർ ഇല്ലെന്ന് വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ബിജിമോൾ വിവാദത്തെതുടർന്ന് സിപിഐ സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. എന്നാൽ ഈ സംസ്ഥാന സമ്മേളനത്തിൽ ബിജിമോൾ സംസ്ഥാന സമിതിയിൽ തിരിച്ചെത്തുകയും വാഴൂർ സോമൻ പുറത്തേക്കു പോകുകയുമായിരുന്നു.
പീരുമേട് തോട്ടം മേഖലയിലെ എഐടിയുസിയുടെ പ്രമുഖ നേതാവായ വാഴൂർ സോമൻ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജിമോളെ തോൽപ്പിക്കാൻ നീക്കം നടത്തിയെന്നതിനെ സംബന്ധിച്ച് അന്ന് നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാൻ പിടിച്ച സിപിഐ നേതാവ് നിര്യാതനായ പി.എസ്. ഭാസ്കരനാണ് കണ്ട്രോൾ കമ്മീഷനിൽ പരാതി നൽകിയത്.
ബിജിമോൾക്കൊപ്പം സ്ഥാനാർഥി പട്ടികയിൽ ഉണ്ടായിരുന്ന വാഴൂർ സോമൻ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് തോട്ടം മേഖലകളിൽ ബിജിമോളെ പരാജയപ്പെടുത്താൻ ചരടുവലി നടത്തിയെന്നതായിരുന്നു പരാതി. കൂടാതെ വാഴൂർ സോമന്റെ പ്രവർത്തനം മൂലമാണ് ബിജിമോളുടെ ഭൂരിപക്ഷം മൂന്നക്കത്തിലൊതുങ്ങിയെന്നതും പരാതിയിലുണ്ടായിരുന്നു. എന്നാൽ കണ്ട്രോൾ കമ്മീഷനിൽ എത്തിയ പരാതിയിൽ പിന്നീട് തുടർ നടപടികളുണ്ടായില്ല. ഇതിനിടെയാണ് വിവാദ അഭിമുഖത്തിന്റെ പേരിൽ ബിജിമോളെ പാർട്ടി ഘടകത്തിൽ നിന്നും തരം താഴ്ത്തുകയും ചെയ്തത്.
ഇതിനു മുൻപും വാഴൂർ സോമനെതിരെ ഇത്തരം ആരോപണങ്ങൾ ഉയർന്നിരുന്നു. വർഷങ്ങൾക്ക് മുൻപ് സിപിഐയിലെ മുതിർന്ന നേതാവ് സി.എ.കുര്യൻ പീരുമേട്ടിൽ മൽസരിച്ചപ്പോൾ അദ്ദേഹത്തിനെതിരെ അന്നു തൊഴിലാളി നേതാവായിരുന്ന എസ്.സി. ചൊള്ളമുത്തുവിനെ മൽസരിപ്പിച്ച് കുര്യനെ പരാജയപ്പെടുത്താൻ നോക്കിയിരുന്നുവെന്ന് അന്ന് ആരോപണമുയർന്നിരുന്നു.
വെയർഹൗസിംഗ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്തേക്കു ആദ്യം പരിഗണിക്കപ്പെട്ടത് സിപിഐയുടെ ജില്ലയിലെ ഏറ്റവും ഉയർന്ന നേതാവായിരുന്നു. ഇദ്ദേഹത്തെ കടത്തി വെട്ടിയാണ് കാനത്തിന്റെ പിൻബലത്തോടെ വാഴൂർ കോർപ്പറേഷൻ ചെയർമാനായതെന്നും പാർട്ടിയിൽ തന്നെ ആരോപണമുയർന്നു.
വണ്ടിപ്പെരിയാർ, പീരുമേട് തോട്ടം മേഖലകളിൽ വാഴൂർ സോമനുള്ള സ്വാധീനവും സ്വന്തം നാടായ കാനത്തുകാരനാണെന്നുമുള്ള ഇഷ്ടവുമാണ് വാഴൂരിനെ കാനം രാജേന്ദ്രന്റെ വിശ്വസ്തനാക്കിയത്. എന്നാൽ സംസ്ഥാന സമ്മേളനത്തിൽ വിശ്വസ്തനായ വാഴൂരിനെ സംരക്ഷിക്കാൻ കഴിയാതെ കാനം കൈവിട്ടു. എന്നാൽ കാനത്തിനോട് കൂടുതൽ ആഭിമുഖ്യം കാട്ടാത്ത ഇ.എസ്.ബിജിമോൾ സംസ്ഥാനസമിതിയിൽ അംഗമായതോടെ ഒരിക്കൽകൂടി ജില്ലയിലെ പാർട്ടി ഘടകത്തിൽ തന്റെ സ്വാധീനം അരക്കിട്ടുറപ്പിച്ചു.
നെടുങ്കണ്ടത്തു നടന്ന ജില്ലാ സമ്മേളനത്തിൽ ജില്ലാ കൗണ്സിൽ അംഗങ്ങളെ തെരഞ്ഞെടുത്തപ്പോൾ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായ ഭർത്താവിനെ ഇതിൽ ഉൾപ്പെടുത്താൻ കഴിഞ്ഞതും എംഎൽഎയുടെ നേട്ടമായി. എന്നാൽ പാർട്ടിയുമായി കാര്യമായി ബന്ധമി്ല്ലാത്ത ഇദ്ദേഹത്തെ ജില്ലാ കൗണ്സിലിൽ ഉൾപ്പെടുത്തിയതിൽ ഒരു വിഭാഗം പ്രതിഷേധിച്ചെങ്കിലും പിന്നീട് പ്രതിഷേധം കെട്ടടങ്ങി.