കൊട്ടാരക്കര: ഇടതു പക്ഷ ജനാധിപത്യ മുന്നണിക്ക് നേതൃത്വം നൽകുന്ന സി പി എം ദുർബലപ്പെടാൻ സി പി ഐ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ സി പി ഐ ദുർബലപ്പെട്ട് ഇടതു മുന്നണി ശക്തമാക്കണമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.
കൊട്ടാരക്കരയിൽ സി പി ഐ യുടെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടതു മുന്നണി ഒരു രാഷ്ട്രീയ സംവിധാനമാണ്. ഇതിൽ ഉൾപ്പെടെയുള്ള എല്ലാ പാർട്ടികൾക്കും തനതായ വ്യക്തിത്വമുണ്ട്. സ്വന്തം വ്യക്തിത്വം ആരുടേയും മുന്നിൽ അടിയറവ് വെക്കാൻ സി പി ഐ തയാറല്ല.
മുന്നണിക്കുള്ളിൽ വിയോജിപ്പുകളും യോജിപ്പുകളും സ്വാഭാവികമാണ്. സി പി എമ്മിന്റെ പല രാഷ്ട്രീയ തീരുമാനങ്ങളോടും സി പി ഐ ക്ക് വിയോജിക്കേണ്ടി വന്നിട്ടുണ്ട്. ഇനിയും അത് ഉണ്ടാക്കുകയും ചെയ്യും. ശരിയുടെ പാതയാണ് സി പി ഐ എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യൻ ദേശീയത ഭീഷണി നേരിടുന്ന കാലഘട്ടമാണ് വൈദേശിക ശക്തികൾക്കൊപ്പം തന്നെ ദേശീയമായും രാഷ്ട്രം ഭീഷണി നേരിടുന്നു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന രാഷ്ട്രീയ തന്ത്രമാണ് മോദി സർക്കാർ സ്വീകരിച്ചു വരുന്നത്.
മതത്തിന്റെയും ജാതിയുടേയും അടിസ്ഥനത്തിൽ ജനങ്ങളെ തമ്മിലടിപ്പിച്ച് അധികാരം നിലനിർത്താനാണ് അവരുടെ ശ്രമം. ഇതിനെതിരായി ദേശാഭിമാനം ഉള്ള എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒന്നിച്ചു നിൽക്കണം. കാലഘട്ടത്തിൽ കടമ നിർവഹിക്കുവാൻ രാഷ്ട്രീയ പാർട്ടികൾ തയാറായില്ലെങ്കിൽ അതിന് കനത്ത വില നൽകേണ്ടി വരും. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ നോട്ടുനിരോധനവും ജിഎസ് ടി യും തകർത്തിരിക്കുകയാണ്.
വില വർധനവും തൊഴിലില്ലായ്മയും ഈ നയങ്ങളുടെ ഭാഗമായി ഉണ്ടായതാണ്. അയൽ രാജ്യമായ ചൈനയോട് സി പി എം പുലർത്തുന്ന നിലപാടല്ല സി പി ഐ യുടേത്. ലോകത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് രാജ്യം എന്ന നിലയിൽ ചൈനയെ സി പി ഐ അംഗീകരിക്കുന്നു. എന്നാൽ ചൈനയുടെ സാമ്പത്തിക നയങ്ങളോട് സി പി ഐ ക്ക് യോജിപ്പില്ല.
മുതലാളിത്ത വ്യാപാര ഘടനയാണ് ചൈന പിന്തുടരുന്നത്. സ്വേച്ഛാധിപത്യവും നിലനിൽക്കുന്നു. ഇക്കാരണത്താൽ സി പി എമ്മിന്റെ ചൈന അനുകൂല നിലപാടിനെ സിപിഐ ശരിവെക്കുന്നില്ല. രാജ്യം ഇന്നു നേരിടുന്ന വെല്ലുവിളികൾ സ്വയം ഏറ്റെടുത്ത് പ്രതിരോധിക്കാൻ എല്ലാവിധ ജനങ്ങളും അണിനിരക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളും രാജ്യ നന്മക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ അണി ചേരണമെന്നും കാനം അഭ്യർഥിച്ചു