ചെങ്ങന്നൂർ: പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ പ്രതിഷേധത്തെ ചോരയിൽ മുക്കി കൊല്ലുവാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ചെങ്ങന്നൂർ മണ്ഡലത്തിലെ സിപിഐ ബൂത്ത് സെക്രട്ടറിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശിയതലത്തിൽ നടക്കുന്ന ദളിത് പ്രക്ഷോഭത്തോട് ഇതേ സമീപനമാണ് ബിജെപിയ്ക്ക് ഉള്ളത്. കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും സാന്പത്തിക നയങ്ങൾക്കെതിരെയുള്ള വികസന ബദലാണ് കേരളത്തിൽ എൽഡിഎഫ് സർക്കാർ നടപ്പിലാക്കി വരുന്നത്.
മലപ്പുറം, വേങ്ങര ഉപതെരഞ്ഞെടുപ്പിൽ വൻ തോതിൽ വോട്ട് വർധിച്ചതും എൽഡിഎഫിന് മാത്രമാണ്. മത നിരപേക്ഷത സംരക്ഷിക്കുന്നത് എൽഡിഎഫ് ആണെന്ന് മതന്യൂനപക്ഷങ്ങൾക്ക് ബോധ്യപ്പെട്ടതിനുള്ള തെളിവാണിതെന്നും കാനം പറഞ്ഞു.
പെട്രോളിയും ഉൽപ്പന്നങ്ങളുടെ വില വർധനവ് കാർഷിക, മത്സ്യ മേഖലകൾക്ക് തിരിച്ചടിയാണ്. തൻമൂലം വിലക്കയറ്റം രൂക്ഷമാകുകയും ചെയ്യും. കോർപ്പറേറ്റുകൾക്ക് വൻ ആനുകൂല്യം പ്രഖ്യാപിക്കുന്ന കേന്ദ്ര സർക്കാർ കർഷകർക്ക് നേരെ വെടിയുണ്ട ഉതിർക്കുകയാണെന്നും കാനം പറഞ്ഞു.
കെ.എസ.് രവി അധ്യക്ഷത വഹിച്ചു. ടി പുരുഷോത്തമൻ, പി പ്രസാദ്, ടി.ജെ. ആഞ്ചലോസ്, എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ, പി.വി. സത്യനേശൻ, എം കെ ഉത്തമൻ, ജോയികുട്ടി ജോസ്, എൻ രവീന്ദ്രൻ, ദീപ്തി അജയകുമാർ, പി എം തോമസ്, സി എ അരുണ്‍കുമാർ എന്നിവർ പ്രസംഗിച്ചു.