മലപ്പുറം: സംഘപരിവാറിനെ ചെറുക്കാൻ വിശാല മതേതര ജനാധിപത്യ ഇടതുപക്ഷ വേദി ആവശ്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ നിലപാടുകൾ പാർട്ടിയുടെ നിലപാട് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഐയും സിപിഎമ്മും രണ്ട് പാർട്ടികളാകുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകും. വിശാലമായ ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയം ശക്തിപ്പെടുത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് സിപിഐ മുന്നോട്ടുപോകുന്നത്. പാർട്ടിയിൽ വിഭാഗിയതയില്ല. സിപിഐ ഒറ്റക്കെട്ടാണ്. എന്റെ നിലപാടുകൾ പാർട്ടിയുടെ നിലപാട് തന്നെയാണ്. സംസ്ഥാന കൗണ്‍സിൽ തെരഞ്ഞെടുപ്പ് ഐകകണ്ഠ്യേനയാണ് നടന്നത്. സിപിഐ മന്ത്രിമാരുടെ പുനഃസംഘടന ഉദ്ദേശിക്കുന്നില്ല- കാനം പറഞ്ഞു.
കണ്ട്രോൾ കമ്മീഷനിൽ പുതിയ ആളുകൾ വന്നതിൽ അസ്വഭാവികതയില്ല. കണ്ട്രോൾ കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പാർട്ടി ഭരണഘടന അനുസരിച്ച് കേന്ദ്രകമ്മിറ്റിക്കു പരാതി നൽകാമെന്നും കെ.ഇ. ഇസ്മായിലിന്റെ പേരെടുത്തു പരാമർശിക്കാതെ അദ്ദേഹം പറഞ്ഞു.