കൊല്ലം: സംഘടനകളിൽ ശ്രദ്ധേയം സംഖ്യാബലമല്ല നിലപാടുകളാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എകെഎസ്ടിയു സംസ്ഥാന സമ്മേളനം സി കേശവൻ സ്മാരക ടൗൺഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സ്വാശ്രയകോളജുകൾ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരണം. എല്ലാ രാഷ്ര്ടീയ പാർട്ടികളും അനുകൂലിച്ചാൽ നിയമമാകും. വിദ്യാഭ്യാസമേഖലയെ കയറൂരിവിടുന്നതിന്റെ അസ്വസ്ഥതായാണ് കലാലയങ്ങളിൽ കാണുന്നത്.
അധ്യപകർക്കു യോഗ്യതയുണ്ടാകുന്നതിനൊപ്പം വിദ്യാർഥികൾക്ക് പഠിക്കാനുള്ള സംവിധാനവുമുണ്ടാകണം. സർക്കാർ ശമ്പളം കൊടുക്കുന്ന വിദ്യാലയങ്ങളിലെ നിയമനവും സർക്കാരിനായിരിക്കണമെന്ന് കാനം പറഞ്ഞു.അധ്യാപകനെ പഠിപ്പിക്കുന്നതാണ് വിഷമം. വിദ്യാഭ്യാസരംഗത്തെ മതനിരപേക്ഷത അട്ടിമറിക്കുകയാണ്. യുക്തിചിന്തമാറുകയും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പെരുകുകയും ചെയ്യുന്നു. കേരളത്തിൽ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ ഇതിനെതിരെ യുവജനവിദ്യാർഥി പ്രസ്ഥാനങ്ങൾ രംഗത്തുവന്നു. സിപിഐയും പാർട്ടിയുടെ അഭിപ്രായം പറഞ്ഞു.
കോൺഗ്രസ് വിദ്യാഭ്യാസരംഗത്തെ വാണിജ്യവൽക്കരിച്ചപ്പോൾ ബിജെപി കാവിവൽക്കരണമാണ് നടത്തുന്നത്. ബജറ്റിൽ വിദ്യാഭ്യാസത്തിനു കഴിഞ്ഞകാലങ്ങളിൽ നീക്കീവച്ചിരുന്നത് 3.7 ശതമാനമായിരുന്നു. ഇത്തവണത്തെ ബജറ്റിലും അതിനു മാറ്റമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
എകെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് ആർ ശരത്ചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാജു, ഇ. ചന്ദ്രശേഖരൻ, ജി.എസ് ജയലാൽ എംഎൽഎ, മുൻ എംഎൽഎ എൻ.അനിരുദ്ധൻ, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആർ സജിലാൽ, ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽസെക്രട്ടറി വിജയകുമാരൻനായർ,എൻ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.