തിരുവനന്തപുരം: എല്‍ദോ എബ്രഹാം എംഎല്‍എക്ക് മർദനമേറ്റ സംഭവത്തില്‍ അന്ന് തന്നെ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മർദനം നടന്ന് രണ്ട് മണിക്കൂറിനകം സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അതിന് അപ്പുറം പിന്നെ എന്തുവേണമെന്നും കാനം ചോദിച്ചു. മുഖ്യമന്ത്രി ഇതിനോടകം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ റിപ്പോർട്ട് വരട്ടെയെന്നും കാനം പറഞ്ഞു.
ഇത്രയും മോശം പോലീസിനെ കണ്ടിട്ടില്ലെന്ന് എല്‍ദോ എബ്രഹാം എംഎൽഎ പറഞ്ഞു. പോലീസ് മോശമായാല്‍ എല്ലാം മോശമാകുമെന്നും കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും എല്‍ദോ പറഞ്ഞു. കാനം രാജേന്ദ്രനിലും സിപിഐ നേതൃത്വത്തിലും തനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. തുടര്‍ സമരങ്ങള്‍ ആവശ്യമെങ്കില്‍ അത് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.