ചവറ: മതനിരപേക്ഷതയും ജനാധിപത്യവും എന്നും സംരക്ഷിച്ച് പോരുന്ന പാർട്ടിയാണ് ഇടതുപക്ഷമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. മുതിർന്ന കമ്യൂണിസ്റ്റ് നേതാവിയിരുന്ന കെ. സി പിളളയുടെ ആറാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വർഗീയത ന്യൂനപക്ഷമായായലും ബഹുഭൂരിപക്ഷമായാലും അത് രാജ്യത്തിനാപത്താണ്.
മതനിരപേക്ഷതയും ജനാധിപത്യവും ഇന്ന് ചോദ്യം ചെയ്യപ്പെടുന്നവസ്ഥയാണ്. ഭരണകർത്താക്കൾ ഏകാധിപത്യ നിലപാടുമായി മുന്നോട്ട് പോകുന്നത് ശരിയായ നടപടിയല്ല. ഭാരതത്തിൽ ഇന്ന് എല്ലാ വിഭാഗം ജനങ്ങളും അവകാശത്തിന് വേണ്ടിപോരാടേണ്ടുന്ന അവസ്ഥയാണ്. ഹിന്ദുത്വവാദികൾ രാജ്യത്തെ അപകടത്തിലേക്ക് കൊണ്ടു പോകുന്നു. ശാസ്ത്രബോധവും യുക്തി ചിന്തയും ഇല്ലാതായാൽ അന്തവിശ്വാസം വർധിക്കും.
സൗമ്യനായ കമ്യൂണിസ്റ്റ് നേതാവും അതേപോലെ നിലപാടുകളിൽ ഉറച്ച് നിന്ന യതാർഥ മനുഷ്യ സ്നേഹിയായിരുന്നു കെ.സി പിളളയെന്നും കാനം അഭിപ്രായപ്പെട്ടു. ചടങ്ങിൽ കെ. സി പിളള ഫൗണ്ടേ ഷൻ ചെയർമാൻ ആർ.രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജന്മിത്വത്തെ ഇല്ലാതാക്കിയതിൽ മുഖ്യ പങ്ക് വഹിച്ച പാർട്ടിയാണ് ഇടതുപക്ഷമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സിപിഐ സെക്രട്ടറിയേറ്റംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
എൻ.വിജയൻപിള്ള എംഎൽഎ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇന്ദുശേഖരൻനായർ, മണ്ഡലം സെക്രട്ടറി പി.ബി. രാജു, ഫൗണ്ടേ ഷൻ സെക്രട്ടറി ഐ.ഷിഹാബ്, എ.അബ്ബാസ്, കഥകലി കലാകാരി ചവറ പാറുക്കുട്ടി എന്നിവർ പ്രസംഗിച്ചു.
അനുസ്മരണത്തോടനുബന്ധിച്ച് കെ. സി പിളളയുടെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.സംസ്ഥാന അസി. സെക്രട്ടറി പ്രകാശ് ബാബു, കെ.ഇ.ഇസ്മയിൽ, കെ.ആർ ചന്ദ്രമോഹൻ എന്നിവർ പങ്കെടുത്തു. പ്രഥമ കെ. സി പിളള പുരസ്കാരം കാനം രാജേന്ദ്രന് സമ്മാനിച്ചു.