ആലപ്പുഴ: കലാകാരന്മാരും സാമൂഹ്യപ്രവർത്തകരും ഭരണകൂട ഭീകരതയുടെ തിക്തഫലങ്ങൾ അനുഭവിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആലപ്പുഴയിൽ പി.എം. തങ്കപ്പൻ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പി.എം. തങ്കപ്പൻ സ്മാരക പൊതുപ്രവർത്തക അവാർഡ് സാംസ്കാരിക നായകനും എഴുത്തച്ഛൻ പുരസ്കാരം ജേതാവുമായ പ്രഫ. എം കെ സാനുവിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാം എങ്ങനെ ജീവിക്കണം, ഏതു ഭക്ഷണം കഴിക്കണം എന്നതുപോലും ഭരണകൂടമാണ് തീരുമാനിക്കുന്നത്. ജനാധിപത്യംപോലും ഭരണകൂട ഭീകരതയ്ക്കു മുന്നിൽ കളങ്കപ്പെടുകയാണെന്നും കാനം പറഞ്ഞു. ചരിത്രത്തിലോ ചരിത്ര നിർമിതിയിലോ ഒരു പങ്കുമില്ലാത്ത ആർഎസ്എസിനെ പോലുള്ള പ്രസ്ഥാനങ്ങൾ തങ്ങൾക്ക് അനുകൂലമായ രീതിയിൽ ചരിത്രം നിർമിക്കാനുള്ള ശ്രമം നടത്തുകയാണ്.
കലാകാരന്മാരെപോലും തങ്ങളുടെ വരുതിയിലാക്കാൻ ഇവർ ശ്രമിക്കുകയാണ്. ചരിത്രകാരന്മാരേയും സാംസ്ക്കാരിക നായകന്മാരേയും അവഗണിച്ച് തങ്ങൾക്ക് അനുകൂലമായി പറയുന്നവരെ ഉന്നത സ്ഥാനങ്ങളിലെത്തിക്കാനും ഇവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ര്ടീയ–സാമൂഹ്യപ്രവർത്തനങ്ങൾ പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്നതാണെന്ന് അവാർഡ് സ്വീകരിച്ചുകൊണ്ട് പ്രഫ. എം.കെ. സാനു പറഞ്ഞു. രാഷ്ര്ടീയപ്രവർത്തനത്തെ സാംസ്കാരിക വൽക്കരിക്കുക എന്നതാണ് എഴുത്തുകാർ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരാശി രക്ഷപ്പെടണമെങ്കിൽ യുവരക്തം മുന്നോട്ടു വരിക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു. പി.എം. തങ്കപ്പൻ സ്മാരക ഫൗണ്ടേഷൻ ചെയർമാൻ പി. ജ്യോതിസ് അധ്യക്ഷത വഹിച്ചു.