തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തിൽ സിപിഐ സ്വീകരിച്ച കടുത്ത നിലപാടിനെ അസാധാരണം എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന് ചുട്ട മറുപടിയുമായി സിപിഐ മുഖപത്രം ജനയുഗം. ചീഫ് എഡിറ്റർ കാനം രാജേന്ദ്രൻ ഒന്നാം പേജിൽ എഴുതിയ മുഖപ്രസംഗത്തിലാണ് ഓരോ കാര്യങ്ങൾക്കും അക്കമിട്ട് മുഖ്യമന്ത്രിക്ക് മറുപടി നൽകിയിരിക്കുന്നത്.
തോമസ് ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭായോഗം ബഹിഷ്കരിച്ച സിപിഐ മന്ത്രിമാരുടെ നടപടി അസാധാരണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായം. അത്തരത്തിൽ അസാധാരണമായ നടപടി സ്വീകരിക്കാനുണ്ടായ സാഹചര്യങ്ങളും കാരണങ്ങളുമാണ് കാനം രാജേന്ദ്രൻ തന്റെ ലേഖനത്തിൽ വിശദീകരിച്ചിരിക്കുന്നത്. അസാധാരണ സാഹചര്യമാണ് സിപിഐയെ അസാധാരണ നടപടിക്ക് നിർബന്ധിതമാക്കിയതെന്ന് ലേഖനത്തിൽ പറയുന്നു. തങ്ങളുടെ അസാധാരണ നടപടി പ്രതീക്ഷിച്ച ഫലപ്രാപ്തിയിലേക്കാണ് കേരള രാഷ്ട്രീയത്തെ നയിച്ചത്.
തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമർശങ്ങളും വിധിയും മന്ത്രി സ്ഥാനത്ത് തുടരാനുള്ള സാധുതയെ ചോദ്യം ചെയ്യുന്നതായിരുന്നു. സർക്കാരിനെയും ചീഫ് സെക്രട്ടറിയെയും എതിർ കക്ഷികളാക്കി മന്ത്രിസഭാംഗം കോടതിയെ സമീപിച്ചത് ഭരണഘടനാവിരുദ്ധവും അപക്വവുമാണെന്ന് കോടതി തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഉന്നതമായ നീതിബോധവും രാഷ്ട്രീയ പ്രബുദ്ധതയുമുള്ള ജനതയാണ് കേരളത്തിലുള്ളത്. അന്ധമായ രാഷ്ട്രീയ വിരോധമില്ലാത്ത പക്വതയോടെ പ്രവർത്തിക്കുന്നവരാണ് കേരളത്തിലെ ജനത. അഴിമതി, സ്വജനപക്ഷാപാതം, അധികാരദുർവിനിയോഗം എന്നീ തിന്മകൾക്കെതിരെ ജനങ്ങൾ ജാഗ്രതയോടെ പ്രതികരിച്ചിട്ടുണ്ട്.
യുഡിഎഫ് സർക്കാരിന്റെ അധികാര ദുർവിനിയോഗത്തിനെതിരെയും അഴിമതിക്കെതിരെയും പ്രതികരിച്ചാണ് എൽഡിഎഫിന് അവസരം നൽകിയത്. തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റ ആരോപണങ്ങൾ എൽഡിഎഫ് സർക്കാരിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് മങ്ങലേൽപ്പിച്ചുവെങ്കിൽ അത് വിമർശന ബുദ്ധിയോടെ തിരുത്താൻ മുന്നണിയും ഓരോ ഘടകകക്ഷിയും ബാധ്യസ്ഥരാണ്. ആ തിരിച്ചറിവാണ് സിപിഐയെ കടുത്ത നിലപാട് സ്വീകരിക്കാൻ നിർബന്ധിതമാക്കിയതെന്ന് ലേഖനത്തിൽ പറയുന്നു.