തൃശൂർ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ മുൻ എംപി സി.എൻ.ജയദേവന്റെ ഒളിയന്പ്. കാനം ഏതെങ്കിലും തരത്തിൽ ബ്ലാക്ക്മെയിൽ ചെയ്യപ്പെടുന്നുണ്ടോ എന്ന് അറിയില്ലെന്ന് ജയദേവൻ പറഞ്ഞു. എറണാകുളത്തെ പോലീസ് നടപടിയുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി നടത്തിയ പ്രതികരണത്തെക്കുറിച്ച് സംസാരിച്ചപ്പോഴായിരുന്നു ജയദേവന്റെ പ്രതികരണം.
കൊച്ചിയിൽ സിപിഐ നേതാക്കളെയും എംഎൽഎയെയും തെരുവിൽ തല്ലിയ പോലീസുകാർക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കിൽ ജനങ്ങൾ തെരുവിൽ നേരിടേണ്ട സാഹചര്യമുണ്ടാകും. എംഎൽഎ ഉൾപ്പടെയുള്ള നേതാക്കളെ പോലീസുകാർ തിരഞ്ഞുപിടിച്ച് മർദ്ദിക്കുകയായിരുന്നു. ഭരണത്തിലിരുന്ന് തല്ലുകൊള്ളേണ്ടവരല്ല കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരെന്നും ജയദേവൻ കൂട്ടിച്ചേർത്തു.
പോലീസ് നടപടിയെ ന്യായീകരിക്കുന്ന രീതിയിൽ സംസാരിച്ച സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ രാഷ്ട്രീയ ബന്ധത്തെക്കുറിച്ചുള്ള കരുതലാകാം കാനത്തിനെന്നും ഇത്രയ്ക്ക് വേണോ എന്നുമായിരുന്നു അദ്ദേഹത്തിൻറെ മറുപടി.