തിരുവനന്തപുരം: എൽഡിഎഫിലേക്ക് പോകുമെന്ന് പറഞ്ഞ് ആരും വിലപേശേണ്ടതില്ലെന്നും എൽഡിഎഫ് മുന്നണിയിലേക്ക് ആരെയും എടുക്കാൻ ഉദ്ദേശമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് കാനത്തിന്റെ പ്രതികരണം. സംസ്ഥാനത്ത് ഇടതുമുന്നണിക്ക് ഭരണത്തുടർച്ച ഉണ്ടാകുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
ഇടതുമുന്നണി ഇപ്പോൾ ശക്തമായി നിൽക്കുകയാണ്. ആരേയും മുന്നണിയിലേക്ക് എടുക്കാൻ ഉദ്ദേശമില്ല. മുന്നണിക്ക് ആക്ഷേപമാകുന്ന കൂട്ടുകെട്ടുകൾ ഉണ്ടാവുകയുമില്ല.
പ്രതിപക്ഷം ഇപ്പോൾ ദുർബലമാണ്. സര്‍ക്കാരിന് മുന്നില്‍ കേരളത്തിലെ പ്രതിപക്ഷം നിഷ്ഫലമായിപ്പോയി. വാഗ്ദാനങ്ങള്‍ പാലിക്കുന്ന സര്‍ക്കാരാണിത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 2016 ലെ പ്രകടനപട്ടികയിലെ മിക്ക വാഗ്ദാനങ്ങളും നടപ്പിലാക്കുകയോ തുടക്കം കുറിക്കുകയോ ചെയ്തിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം മുസ്ലിം ലീഗിന് ഗുണം ചെയ്യില്ലെന്നും കാനം പ്രതികരിച്ചു.
അഭിപ്രായം പറയേണ്ടതു താനല്ല: ജോസ് കെ. മാണി
കോട്ടയം: മുന്നണി മാറ്റത്തിന്റെ സൂചനകൾ ആദ്യം ഉയർത്തിയതു പി.ജെ. ജോസഫാണെന്ന് ജോസ് കെ. മാണി എംപി. ഇതിന്റെ ഭാഗമായി ലേഖനം എഴുതിയതും പി.ജെ. ജോസഫാണ്. മുന്നണി മാറ്റത്തിനു മുന്നോടിയായി ഭരണകക്ഷിയെ പ്രശംസിച്ചു പറഞ്ഞതും ജോസഫാണ്.
പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചു നിമിഷങ്ങൾക്കുള്ളിൽ സർക്കാരിനെ പ്രശംസിച്ചു പറയുകയായിരുന്നു പി.ജെ. ജോസഫ് ചെയ്തത്. അതിനാൽ മുന്നണി മാറ്റത്തെക്കുറിച്ചു അഭിപ്രായം പറയേണ്ടതു താനല്ലെന്നും പി.ജെ. ജോസഫാണെന്നും ജോസ് കെ. മാണി രാഷ്്ട്രദീപികയോട് പറഞ്ഞു.