ആലപ്പുഴ: ഇടതു മുന്നണി പ്രവേശനത്തിനു കക്ഷി നേതാക്കളുടെ ജാതകം നോക്കേണ്ട കാര്യമില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഐഎൻഎൽ 25 വർഷമായി എൽഡിഎഫുമായി സഹകരിച്ചു പ്രവർത്തിക്കുകയാണ്. അവർ വർഗീയ പാർട്ടിയാണെന്നു മുന്നണിയിൽ ആർക്കും അഭിപ്രായമില്ല.
ആർ. ബാലകൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസ-ബിയും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫുമായി സഹകരിച്ചാണു പ്രവർത്തിച്ചത്. ആ ബന്ധം ജനങ്ങൾ തെരഞ്ഞെടുപ്പിൽ അംഗീകരിച്ചതു കൊണ്ടാണ് പത്തനാപുരത്തടക്കം ഇടതുപക്ഷത്തിനു വിജയം നേടാൻ കഴിഞ്ഞത്.
ശബരിമല വിഷയത്തിൽ സർക്കാരിനെ സമ്മർദത്തിലാക്കി എൽഡിഎഫിന്റെ ബഹുജന അടിത്തറ തകർക്കാനാണു കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്. സർക്കാരിനെ എതിർക്കുന്നവർ ദുർബലരാകുമെന്നും അദ്ദേഹം പറഞ്ഞു.