കണ്ണൂർ: വയസാം കാലത്ത് തന്നെ ആര് ബ്ലാക്ക്മെയിൽ ചെയ്യാനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തന്റെ മകനെതിരേ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നവർ ചില നിക്ഷിപ്ത താത്പര്യക്കാരാണെന്നും കാനം പറഞ്ഞു.
സിപിഐ മേഖലാതല യോഗം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യാനെത്തിയ കാനം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. എനിക്ക് മകനുണ്ടായിട്ടും പ്രായപൂർത്തിയായിട്ടും കുറെയായി. എൽദോ ഏബ്രഹാം എംഎൽഎയ്ക്ക് പോലീസ് മർദനത്തിൽ പരിക്കില്ലെന്ന് പോലീസ് പറയുന്നതു ശരിയല്ല.
റിപ്പോർട്ട് വരട്ടെ. ആലപ്പുഴയിൽ തനിക്കെതിരേ പോസ്റ്റർ പതിച്ച സംഭവം അന്വേഷിക്കുന്നുണ്ട്. സിപിഎമ്മിന്റെ തടവറയിലാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത് ഞാനല്ല, നിങ്ങൾ ആക്കുകയാണെന്നായിരുന്നു കാനത്തിന്റെ മറുപടി.
ഗൗരവഭാവത്തിലായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള കാനത്തിന്റെ മറുപടി. പതിവ് പുഞ്ചിരിയും ഉണ്ടായിരുന്നില്ല. അൽപസമയം മാധ്യമപ്രവർത്തകരോട് ചെലവഴിച്ച ശേഷം സമ്മേളനവേദിയിലേക്കു പോവുകയും ചെയ്തു.