തിരുവനന്തപുരം: വിവാദങ്ങൾ അവസാനിപ്പിക്കാൻ ഇന്ന് സിപിഎം-സിപിഐ ചർച്ച. എകെജി സെന്ററിൽ വച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മിൽ ചർച്ച നടത്തുന്നത്. രാവിലെ പതിനൊന്ന് മണിയ്ക്കാണ് ചർച്ച. എകെജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുത്ത ശേഷമാണ് ചർച്ച.
മഹിജയുടെ സമരത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങളുടെ ചുവട് പിടിച്ച് കാനം രാജേന്ദ്രൻ നടത്തിയ അഭിപ്രായങ്ങളാണ് സിപിഎം-സിപിഐ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത്. സർക്കാരിനെതിരെയും സിപിഎമ്മിനെതിരെയും ഓരോ വീഴ്ചകളും അക്കമിട്ടാണ് കാനം നിശിത വിമർശനം നടത്തിയത്. കാനത്തിന്റെ വിമർശനങ്ങൾക്ക് സിപിഎമ്മിന് മറുപടി പറയേണ്ടി വന്നു.
ഇതേ തുടർന്ന് കോടിയേരി ബാലകൃഷ്ണൻ കാനം ഉന്നയിച്ച ഓരോ കാര്യത്തിനും മറുപടി നൽകിയിരുന്നു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞ് തീർക്കുന്നതിനും സർക്കാരിന്റെ ഒന്നാം വാർഷിക പരിപാടികളും ചർച്ച ചെയ്യും. കൂടാതെ മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്യും.