കൊല്ലം: ആര്‍എസ്എസും സംഘപരിവാറും തന്നെയാണ് മുഖ്യശത്രു വെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഈ ഭീഷണിയെ എതിര്‍ക്കാന്‍ സ്വതന്ത്രമായി ചിന്തിക്കുന്നവരെയെല്ലാം മതേതരത്വത്തിന്റെ വിശാലമായ ഫ്ളാറ്റ്ഫോമില്‍ അണിനിരത്തും. ഈ സഖ്യത്തെ പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ തളച്ചിടാന്‍ ഉദ്ദേശിക്കുന്നില്ല. ജനാധിപത്യകക്ഷികളെയാകെ കൂടെകൂട്ടും. അവരുടെയൊന്നും ജാതകം നോക്കില്ല.
ഇടതുപക്ഷ രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നല്കാന് സിപിഐയുടെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ വഴിയൊരുക്കുമെന്ന് കാനം രാജേന്ദ്രന് പറഞ്ഞു. ഫാസിസത്തെ എതിര്‍ക്കുന്നതിന് വിശാലമായ അടിത്തറയുള്ള പ്രതിരോധം തീര്‍ക്കാന്‍ കരട് പ്രമേയം ആഹ്വാനം ചെയ്യുന്നു.
മതനിരപേക്ഷ ജനാധിപത്യശക്തികളുടെ പൊതുവേദിയായിരിക്കും ഇത്. പാര്‍ട്ടി കോണ്‍ഗ്രസിനെക്കുറിച്ച് വിശദീകരിക്കാന്‍ ആശ്രാമത്തെ സ്വാഗതസംഘം ഓഫീസില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ കൂടിയായ കാനം രാജേന്ദ്രന്.
കരടില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ഒരു പാര്‍ട്ടിയുടെയും പേര് പറഞ്ഞിട്ടില്ല. മാര്‍ച്ചില്‍ ചേര്‍ന്ന ദേശീയ എക്സിക്യൂട്ടീവ് അംഗീകരിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് കരട് തയാറാക്കിയിട്ടുള്ളത്. ഇത് സംബന്ധിച്ച നിലപാട് പരസ്യപ്പെടുത്തിയിട്ടുമുണ്ട്.
ഇടതുപക്ഷ കക്ഷികളുടെ യോജിപ്പാണ് പ്രധാനമെന്ന് ചോദ്യത്തിന് മറുപടിയായി സംസ്ഥാന സെക്രട്ടറി പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭിന്നിച്ചത് ഏറെ ദുരന്തം ഉണ്ടാക്കിയിട്ടുണ്ട്. വേറിട്ടു നില്ക്കുന്ന 60ഓളം കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുണ്ട്. എല്ലാവരുമായും പരസ്പരം ചര്‍ച്ച ചെയ്യുന്നുണ്ട്. തീവ്ര ഇടതുപക്ഷ സ്വഭാവമുള്ള സംഘടനകളെ ഒരിക്കലും ശത്രുതയോടെ കാണാറില്ല.
വഴിതെറ്റിപ്പോയ സഹോദരങ്ങല്‍ എന്ന മനോഭാവമേ പാര്‍ട്ടിയ്ക്കുള്ളൂ. ഇതിന്റെ ഭാഗമായാണ് (സിപിഐ-മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്) നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യയെ പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ഭരണഘടനാനുസൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന തീവ്ര ആഭിമുഖ്യമുള്ള കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളോട് സിപിഐക്ക് ബന്ധമില്ല. എന്നാല്‍ അവരെ അടിച്ചമര്‍ത്താനുള്ള ഭരണകൂടത്തിന്റെ നയത്തോട് യോജിക്കില്ല. ഇത്തരം സംഘടനകള്‍ ഉടലെടുത്തതിന് പിന്നിലെ സാമൂഹ്യ യാഥാര്‍ഥ്യത്തിന് രാഷ്ട്രീയ പരിഹാരം കാണണമെന്നാണ് സിപിഐയുടെ അഭിപ്രായം.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ പോലീസ് നയം ശരിയാണ്. അതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണം. 2011ലെ പോലീസ് ആക്ടില്‍ പറയുന്നതുപോലെ പ്രമാദമായ കേസുകള്‍ അന്വേഷിക്കാന്‍ ആവശ്യമെങ്കില്‍ സര്‍ക്കാരിന് പ്രത്യേക സ്ക്വാഡുകള്‍ക്ക് രൂപം നല്‍കാം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ അവിസ്മരണീയമായ അധ്യായമായിരിക്കും 23 ാം പാര്‍ട്ടി കോണ്‍ഗ്രസ്.