തിരുവനന്തപുരം: സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട്, ലോ അക്കാഡമി പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട ലക്ഷ്മി നായർ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ടു. സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിലെത്തിയാണ് ലക്ഷ്മി നായർ കാനത്തെ കണ്ടത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു കൂടിക്കാഴ്ച. അച്ഛൻ നാരായണൻ നായരും ലക്ഷ്മി നായർക്കൊപ്പമുണ്ടായിരുന്നു.
സമരത്തിൽനിന്ന് എഐഎസ്എഫിനെയും എഐവൈഎഫിനെയും പിന്തിരിപ്പിക്കണമെന്ന് കൂടിക്കാഴ്ചയിൽ ലക്ഷ്മി നായർ ആവശ്യപ്പെട്ടു. എന്നാൽ സമരത്തിൽ വിട്ടുവീഴ്ചയില്ലെന്നു കാനം രാജേന്ദ്രൻ വ്യക്തമാക്കി. എസ്എഫ്ഐയോടു മാത്രം ചർച്ച നടത്തിയതിലും ഇത്തരമൊരു ആവശ്യവുമായി എംഎന്‍ സ്മാരകത്തില്‍ എത്തിയതിലും കാനം അതൃപ്തി അറിയിച്ചു.
ലോ അക്കാഡമിയിൽ സമരം തുടങ്ങിയത് എഐഎസ്എഫാണ്. എന്നാൽ എസ്എഫ്ഐയോടു ചർച്ച നടത്തി സമരം അവസാനിപ്പിക്കാൻ മാനേജ്മെന്റ് ശ്രമിച്ചു. ഇത് അംഗീകരിക്കാനാവില്ല. സമരം ശക്തമായി തുടരുമെന്നും കാനം അറിയിച്ചു.