പുനലൂർ: എൽഡിഎഫ് മുന്നണിയിൽ സിപിഐ ഉണ്ടാകുമോയെന്ന ചിലരുടെ ചോദ്യം ബാലിശമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആരോപിച്ചു. സിപിഐ പുനലൂർ മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം പുനലൂർ സ്വയംവര ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സിപിഐ മുൻകൈയെടുത്താണ് എൽഡിഎഫ് മുന്നണി രൂപീകരിച്ചത്. മുന്നണി രൂപീകരിക്കാൻ മുൻകൈയെടുത്ത തങ്ങളോടാണ് ചിലർ മുന്നണിയിൽ ഉണ്ടാകുമോയെന്ന് ചോദിക്കുന്നത്. മുന്നണിയുടെ പ്രവർത്തനം കാര്യക്ഷമമായി കൊണ്ടുപോകുകയാണ് ചെയ്യേണ്ടത്. ഒപ്പം നിൽക്കുന്നവരെ സംശയിക്കുന്നത് ശരിയായ നടപടിയല്ലെന്നും കാനം കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാർ തെറ്റായ ദിശയിലേക്കാണ് പോകുന്നതെന്നും ജിഎസ്ടിയും നോട്ട് നിരോധനവും മൂലം ജനം വലയുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനവിരുദ്ധ നയങ്ങൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്ന നരേന്ദ്രമോദി സർക്കാർ ഫാസിസ്റ്റ് നിലപാടാണ് സ്വീകരിക്കുന്നത്. രാജ്യത്ത് നിലനിൽക്കുന്ന മതേതരത്വം പോലും ഇല്ലാതാക്കി വർഗീയ അജണ്ടകൾ നടപ്പാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.
ഈ നയം തുടർന്നാൽ തിരിച്ചടി ബിജെപി സർക്കാരിന് നേരിടേണ്ടി വരുമെന്നും കാനം മുന്നറിയിപ്പ് നൽകി. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു, നേതാക്കളായ ജോബോയ് പെരേര, കെ. രാധാകൃഷ്ണൻ, വി.പി. ഉണ്ണികൃഷ്ണൻ, റോസ് ചന്ദ്രൻ, എൽ. ഗോപിനാഥപിള്ള, കാസ്റ്റ്ലസ് ജൂനിയർ തുടങ്ങിയവർ പങ്കെടുത്തു.