തളിപ്പറമ്പ്: സിപിഎമ്മിനു നേരേ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ രൂക്ഷ വിമര്‍ശനം. സിപിഐ നേതാവ് കെ.വി.മൂസാന്‍കുട്ടി മാസ്റ്ററുടെ 25-ാം ചരമവാര്‍ഷികാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെയാണ് സിപിഎമ്മിന്റെ പേരെടുത്തു പറയാതെ കാനം സിപിഎമ്മിനെയും ഇടത് ഭരണകൂട നയങ്ങളെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.
നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന പോലീസിന്റെ നിലപാടിനെ വിമര്‍ശിച്ച കാനം ഉന്മൂലനം ചെയ്യുന്ന രീതിയിലുള്ള ഭരണകൂടനയങ്ങളെ പിന്തുണയ്ക്കാന്‍ സിപിഐ തയാറല്ലെന്നും വ്യക്തമാക്കി. തീവ്രവാദം ക്രമസമാധാനപ്രശ്നമല്ലെന്നും അത് സാമൂഹ്യ പ്രശ്നങ്ങളുടെ പ്രതിഫലനം മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഐക്കു വിപ്ലവം വീര്യം പോരെന്ന് പറഞ്ഞ് പാര്‍ട്ടിയെ പിളര്‍ത്തിയവര്‍ 65 ല്‍ തെന്നാലി സമ്മേളനത്തില്‍ മാവോയുടെ ചിത്രം ഉള്‍പ്പെടെ പ്രചാരണത്തിന് വെച്ചിരുന്നുവെന്നും സിപിഎമ്മിനെ ലക്ഷ്യമിട്ടു കാനം പറഞ്ഞു.
ചൈനീസ് നിലപാടാണ് ശരി എന്ന് അന്ന് വാദിച്ചിരുന്നവര്ക്ക് ഇന്നു മാവോ എന്ന് കേള്‍ക്കുമ്പോള്‍ വിറളിപിടിക്കുന്നതെന്തിനാണെന്ന് കാനം ചോദിച്ചു. തോക്കിന് കുഴലിലൂടെ വിപ്ലവം വരില്ലെന്ന് സിപിഐ 1964 ല്‍ തന്നെ പറഞ്ഞുകഴിഞ്ഞതാണെന്നും മറിച്ചു ചിന്തിച്ചത് ആരാണെന്ന് എല്ലാവര്ക്കും അറിവുള്ളതാണ്. തെറ്റായ മാര്‍ഗം സ്വീകരിച്ചവരെ ആവഴി പോകട്ടെ എന്നു കരുതി മാറ്റി നിര്‍ത്തുന്നതല്ല, ശരിയായ ദിശയിലേക്ക് കൊണ്ടുവരികയാണ് കമ്യൂണിസ്റ്റ് രീതി.
സിപിഐ (എംഎല്) ലിബറേഷന്‍ പോലുള്ള പ്രസ്ഥാനങ്ങള്‍ മാറി ചിന്തിച്ച് ജനാധിപത്യ പാത തെരഞ്ഞടുത്തിട്ടുണ്ട്. ആശയങ്ങള്‍ ഇല്ലാതാക്കാന്‍ ഭീകരനിയമങ്ങള്‍ക്ക് കഴിയുമായിരുന്നുവെങ്കില്‍ 1948 നെ അതിജീവിക്കാന്‍ ഇന്ത്യയിലെ ഇടതുപക്ഷങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ പ്രയോഗിക്കുന്നതിനോട് സിപിഐ അനുകൂലിക്കുന്നില്ലെന്നും ഇന്ത്യയിലെല്ലായിടത്തും പാര്‍ട്ടിക്ക് ഇതേ നയം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
വേലിക്കാത്ത് രാഘവന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.സന്തോഷ്കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി.പി.ചന്ദ്രന്, വി.വി.കണ്ണന്, ആര്.ശശി, സി.പി.ഷൈജന്‍, പി.ജയരാം എന്നിവര്‍ പ്രസംഗിച്ചു. സ്നേക്ക് പാര്ക്കിന് സമീപത്തുനിന്നും പ്രകടനവും നടന്നു.