ചേർത്തല: ജനാധിപത്യ സംവിധാനത്തെ തളർത്തി ഏകാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനാണ് നരേന്ദ്രമോഡിയും ബിജെപിയും ശ്രമിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ . സിപിഐ നേതാക്കളായിരുന്ന സി കെ ചന്ദ്രപ്പന്റെയും കെ.ആർ. സ്വാമിനാഥന്റെയും ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി വർഗീയ അജണ്ട കൂടുതൽ പ്രകടമാക്കുന്നതാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പോടെ കാണുന്നത്.
വർഗീയ കലാപങ്ങളും അതിക്രമങ്ങളും സൃഷ്ടിച്ച് കുപ്രസിദ്ധി നേടിയ യോഗിയെ ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയായി അവരോധിച്ചത് അതിന്റെ പ്രത്യക്ഷ തെളിവാണ്. 2019ലെ തെരഞ്ഞെടുപ്പിൽ വർഗീയമായി ജനങ്ങളെ ഭിന്നിപ്പിച്ചാകും ബിജെപി വോട്ട് തേടുക. മതനിരപേക്ഷ ശക്തികളുടെ ഐക്യനിര സൃഷ്ടിച്ച് മാത്രമേ ഈ വെല്ലുവിളി നേരിടാനാകൂ.
കുടുംബാധിപത്യം മാറിയാലേ കോണ്ഗ്രസിന് രക്ഷയുള്ളൂ. കേരളം കൊടിയ വരൾച്ച നേരിടുന്പോഴും യാതൊരു സഹായവും നൽകാതെ ധാർഷ്ഠ്യമാണ് കേന്ദ്രസർക്കാർ കാട്ടിയത്. സർവകക്ഷി സംഘത്തിന് മുഖ്യമന്ത്രി സന്ദർശനാനുമതി തേടിയെങ്കിലും അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ ഭരണ വിരുദ്ധവികാരമായിരുന്നു പ്രതിഫലിച്ചത്. ഇതിന്റെ ഗുണം ലഭിച്ചതാകട്ടെ ബിജെപിക്കും. മതനിരപേക്ഷ ശക്തികളെ ശക്തിപെടുത്താനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.ഇടത് നിലപാടിൽ ഉറച്ച് നിന്നാൽമാത്രമേ ഈ സർക്കാർ ജനങ്ങൾക്കൊപ്പം നിൽക്കുകയുള്ളു എന്ന് പറയാൻ പറ്റുകയുള്ളുവെന്നും കാനം പറഞ്ഞു.
സമ്മേളനത്തിൽ എസ്. പ്രകാശൻ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി. പുരുഷോത്തമൻ, ജില്ലാ സെക്രട്ടറി ടി. ജെ. ആഞ്ചലോസ്, എ. ശിവരാജൻ, എം. കെ. ഉത്തമൻ, പി. വി. സത്യനേശൻ, ഡി. സുരേഷ് ബാബു, കെ. കെ. സിദ്ധാർഥൻ, ടി. പി. സതീശൻ, ടി. ടി. ജിസ്മോൻ, എൻ.എസ്. ശിവപ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.