കണ്ണൂർ: മൂന്നാറിൽ നടക്കുന്ന സമരങ്ങൾ എൽഡിഎഫ് സർക്കാരിന് എതിരല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുന്നാറിലെ ചെറുതും വലുതുമായ കൈയേറ്റങ്ങൾ തടയണമെന്ന് തന്നെയാണ് സിപിഐയുടെ നിലപാട്. ഇടുക്കിയിലെ സിപിഐ നേതാക്കൾക്കും പ്രവർത്തകർക്കും പാർട്ടിയുടെ നിലപാട് ബാധകമാണ്. സിപിഐ കണ്ണൂർ ജില്ലാ ആസ്ഥാനത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൈയേറ്റത്തെയും കുടിയേറ്റത്തെയും രണ്ടായി കാണണം. 1977 ജനുവരി ഒന്നിന് മുന്പുള്ള എല്ലാ കൈവശക്കാർക്കും പട്ടയം നൽകണമെന്നാണ് എൽഡിഎഫിന്റെ നിലപാട്. ഏപ്രിൽ 30നകം 10,000 പേർക്ക് പട്ടയം നൽകാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. കൈവശം സംബന്ധിച്ച ജോയന്റ് വെരിഫിക്കേഷൻ പൂർത്തിയായി വരികയാണ്. മൂന്നാറിൽ വൻകിട റിസോർട്ടുകൾ പണിയുന്നതിനേ അംഗീകരിക്കുന്നില്ല.
ടൗൺഷിപ്പ് കെട്ടിടം എത്രനിലയാകാമെന്ന് തീരുമാനിക്കാനുള്ള അധികാരം പഞ്ചായത്തിൽ നിന്ന് മാറ്റി മറ്റൊരു ഏജൻസിക്ക് കൈമാറണം. ഇക്കാര്യം സർക്കാർ ഗൗരവമായി ആലോചിക്കണം. കോടതി പറയുന്ന നടപടികൾ സ്വീകരിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. കൈയേറ്റക്കാരെ സംരക്ഷിക്കാൻ സർക്കാർ ഇറങ്ങിപ്പുറപ്പെടരുത്. ഇടുക്കിയിൽ നടക്കുന്ന കൈയേറ്റങ്ങൾ മുഴുവൻ മൂന്നാർ കൈയേറ്റമായി വ്യാഖ്യാനിക്കുന്നത് ശരിയല്ല.
മൂന്നാറിലെ കൈയേറ്റവുമായി ബന്ധപ്പെട്ട സിപിഎം നേതൃത്വത്തിലെ അഭിപ്രായ വ്യത്യാസം അവരുടെ ആഭ്യന്തര കാര്യമാണ്. ഇക്കാര്യത്തിൽ സിപിഐ അഭിപ്രായം പറയുന്നില്ല. ചെറിയവനായാലും വലിയവനായാലും നിയമവിരുദ്ധ നടപടി ആര് സ്വീകരിച്ചാലും നടപടിയെടുക്കണമെന്നാണ് സിപിഐ നിലപാട്.
മൂന്നാർ വിഷയത്തിൽ ഇടപെടുമെന്ന ബിജെപിയുടെ നിലപാട് കലക്കവെള്ളത്തിൽ മീൻപിടിക്കാനുള്ള നടപടിയാണ്. മൂന്നാർ വിഷയം ഇപ്പോഴുണ്ടായതല്ല. ബിജെപിയുടെ അഭിപ്രായത്തെ ഗൗരവമായി കാണുന്നില്ല. വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റിയകാര്യത്തെ കുറിച്ച് മുഖ്യമന്ത്രിയോടാണ് അഭിപ്രായം ചോദിക്കേണ്ടതെന്നും കാനം പറഞ്ഞു.