തിരുവനന്തപുരം: പി.കെ. ശശി എംഎൽഎയ്ക്ക് എതിരായ പീഡന പരാതിയിൽ സിപിഎമ്മിനെ പ്രതിരോധിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ലൈംഗിക ആരോപണങ്ങൾ ഗൗരവത്തോടെ കാണുന്ന പാർട്ടിയാണ് സിപിഎം എന്നും ശശിക്കെതിരായ പരാതിയിൽ സിപിഎം ഉചിതമായ നടപടി സ്വീകരിക്കുമെന്നും കാനം പറഞ്ഞു.
അതേസമയം, സിപിഎം സംസ്ഥാന നേതൃത്വത്തേയും ജില്ലാ ഘടകത്തേയും പ്രതിരോധത്തിലാക്കിയ പീഡന പരാതിയിൽ ഒത്തുതീർപ്പിനു ശ്രമം നടക്കുന്നതായാണു സൂചന. പരാതി നൽകിയ പെണ്‍കുട്ടിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളേയും ചിലർ പണവുമായി സമീപിച്ചെന്നാണ് ആരോപണം. ശശി വിഷയത്തിൽ സിപിഎം, ഡിവൈഎഫ്ഐ പ്രതിരോധത്തിന്റെയും സമ്മർദത്തിന്റെയും മുൾമുനയിൽ നിൽക്കുന്പോഴാണ് ഒത്തുതീർപ്പുസംബന്ധിച്ച വിവരങ്ങളും പുറത്തുവരുന്നത്.
പെണ്‍കുട്ടി പോലീസിൽ പരാതി നൽകിയിട്ടില്ലാത്തതിനാൽ സ്വാഭാവികമായി പാർട്ടിക്കകത്തു വിഷയം ഒത്തുതീർക്കാൻ തന്നെയാണു ശ്രമം നടന്നുവരുന്നത്. ഇനി ഏതെങ്കിലും വിധേന പോലീസിനെ സമീപിച്ചാൽ അറസ്റ്റിലേക്കുവരെ കാര്യങ്ങൾ നീണ്ട് പാർട്ടി സമ്മർദ്ദത്തിലാകും. ഇതുകൊണ്ടുതന്നെ ഒത്തുതീർപ്പു എന്നത് മാത്രമാണ് ശശിക്ക് മുന്നിലുള്ള വഴി.
അതേസമയം സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന എംഎൽഎയുടെ വാദവും പാർട്ടി ഗൗരവത്തോടെ കാണുന്നുണ്ട്. പാലക്കാട് വീണ്ടും വിഭാഗീയതകളുടെ തുരുത്തുകൾ രൂപപ്പെടുന്നുവെന്ന ചില വിലയിരുത്തലുകൾ നടന്നിരുന്നു. ഇതിന്റെ ഭാഗമാകാം എംഎൽഎയ്ക്കു നേരെയുള്ള ആരോപണമെന്നത് അന്വേഷണ വിധേയമാക്കിയേക്കും.