ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ നഗരത്തിൽ പോസ്റ്റർ. സിപിഐയുടെ ജില്ലാ കമ്മിറ്റി ഓഫീസിന്റെ മതിലിലാണ് ഇന്ന് രാവിലെയോടെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കാനത്തിനെ മാറ്റൂ, സിപിഐയെ രക്ഷിക്കൂ എന്നെഴുതിയ പോസ്റ്റർ പിന്നീട് ആരോ പൊളിച്ച് ഓഫീസിന്റെ മതിൽക്കെട്ടിനുള്ളിലേക്കിട്ടു. എൽദോ ഏബ്രഹാം എംഎൽഎ, പി. രാജു എന്നിവരെ അനുകൂലിച്ചാണ് പോസ്റ്റർ.
തിരുത്തൽ വാദികൾ എന്നും പോസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സിപിഐ അന്പലപ്പുഴ എന്ന പേരിലാണ് പോസ്റ്റർ. സിപിഐയുടെ എറണാകുളത്തെ പോലീസ് സ്റ്റേഷൻ മാർച്ചിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സെക്രട്ടറിയുടെ നിലപാടിനെച്ചൊല്ലി പാർട്ടിയിൽ അമർഷമുണ്ടെന്നാണ് റിപ്പോർട്ട്.
എൽദോ ഏബ്രഹാമുൾപ്പെടെയുള്ള നേതാക്കൾക്ക് സമരത്തിൽ ക്രൂരമർദനമേറ്റിട്ടും മൃദുസമീപനമെടുക്കുന്നതിനെ പാർട്ടിയിലെ ഒരു വിഭാഗം എതിർക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്ററെന്ന് കരുതുന്നു.