ആലപ്പുഴ: സിപിഐ ജില്ലാ കൗണ്സിൽ ഓഫീസിന്റെ മതിലിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ പോസ്റ്റർ പതിച്ച സിപിഐ പ്രവർത്തകർക്കു ജാമ്യം നിന്നവരെയും പാർട്ടി സസ്പെൻഡ് ചെയ്തു. മൂന്ന് പേരെയാണ് ജാമ്യം നിന്നതിന്റെ പേരിൽ പാർട്ടി സസ്പെൻഡ് ചെയ്തത്.
സിപിഐ മുൻ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയും കാനം പക്ഷക്കാരനുമായ കെ.എഫ്. ലാൽജി, സുധീഷ്, ജോമോൻ എന്നിവരെയാണ് പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് താത്കാലികമായി സസ്പെൻഡ് ചെയ്തത്.ലാൽജിയുടെ നേതൃത്വത്തിലാണ് പ്രതികളെ ജാമ്യത്തിൽ ഇറക്കിയത്. പ്രതികൾക്കു കാർ വാടകയ്ക്ക് എടുത്തു നൽകിയതും നിലവിൽ അമ്പലപ്പുഴ മണ്ഡലം സെക്രട്ടേറിയറ്റ് അംഗമായ ലാൽജിയാണെന്ന് നേരത്തെ വിവരങ്ങൾ വന്നിരുന്നു.
പോസ്റ്റർ വിവാദം അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച മൂന്നംഗ കമ്മീഷന്റെ റിപ്പോർട്ട് വരുന്നത് വരെയാണ് മൂവരെയും സസ്പെൻഡ് ചെയ്തിരിക്കുന്നത്. എറണാകുളത്തെ ഡിഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിൽ എൽദോ എബ്രഹാം എംഎൽഎയ്ക്കും പാർട്ടി ജില്ലാ സെക്രട്ടറി പി.രാജുവിനും അടക്കം പോലീസ് മർദനമേറ്റ വിഷയത്തിൽ സംസ്ഥാന സെക്രട്ടറിയായ കാനം മൃദു സമീപനം സ്വീരിച്ചതിനു പിന്നാലെയാണ് പോസ്റ്റർ പതിച്ചത്.
എഐവൈഎഫ് ജില്ലാ കമ്മിറ്റിയംഗം കെ.യു. ജയേഷ്, സിപിഐ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയംഗം ഷിജു, കിസാൻ സഭ മണ്ഡലം വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ റെഡ്ഢ്യാർ എന്നിവരെയാണ് പോസ്റ്റർ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത്. ഇവരെ പിന്നീട് പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസിന്റെ പരാതിയിൽ സംസ്ഥാന സെക്രട്ടറിയെ അപകീർത്തിപ്പെടുത്തിയതിനായിരുന്നു പോലീസ് കേസെടുത്തത്.
വെള്ളിയാഴ്ച പുലർച്ചെയാണ് കാനത്തിനെതിരേ ജില്ലാ കൗണ്സിൽ ഓഫീസിന് മുന്നിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. “കാനത്തെ മാറ്റൂ, സിപിഐയെ രക്ഷിക്കൂ’ എന്നായിരുന്നു പോസ്റ്ററിലെ വാചകം. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ പോലീസ് കാർ കസ്റ്റഡിയിലെടുത്തു. കാർ കണ്ടെത്തി മണിക്കൂറുകൾക്കുള്ളിൽ പോസ്റ്റർ പതിച്ചവരെയും കണ്ടെത്തുകയായിരുന്നു. അതിവേഗത്തിലാണ് ഈ കേസിൽ പോലീസ് അന്വേഷണം നടത്തിയത്.