ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ പതിച്ച വിഷയത്തിൽ മൂന്ന് പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി.
സിപിഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ലാൽജി, എഐവൈഎഫ് അമ്പലപ്പുഴ മണ്ഡലം പ്രസിഡണ്ട് ജോമോൻ, സെക്രട്ടറി സുബീഷ് എന്നിവരെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്.
വിഷയം അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട് നൽകിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. 2019 ജൂലൈ 26 നായിരുന്നു സംഭവം.
എറണാകുളത്തെ സിപിഐ മാർച്ചിൽ എൽദോ എബ്രഹാം എംഎൽഎ അടക്കമുള്ള സിപിഐ നേതാക്കളെ പോലീസ് മർദ്ദിച്ചതിനെ കാനം രാജേന്ദ്രൻ ന്യായീകരിച്ചെന്ന് വാർത്തകൾ വന്നതിനു പിന്നാലെ ആയിരുന്നു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
പാർട്ടി ജില്ലാ കൗൺസിൽ ഓഫീസിന്റെ മതിലിലും നഗരത്തിലുമാണ് പോസ്റ്ററുകൾ പതിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് കിസാൻ സഭാ നേതാവ് ഉൾപ്പെടെ മൂന്നു പേരെ നേരത്തേ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.