ജോണ്സണ് വേങ്ങത്തടം
കോട്ടയം: രണ്ടു ദിവസമായി നടക്കുന്ന സിപിഐ സംസ്ഥാന കൗണ്‍സിൽ ഇന്നു സമാപിക്കുന്പോൾ കാനം വിരുദ്ധ പക്ഷം നിഷ്പ്രഭമാകുന്നു. നൂറിലധികം അംഗങ്ങളിൽ കൈവിരലിൽ എണ്ണാവുന്നവർ പോലും എതിർചേരിയിലില്ലാത്ത അവസ്ഥയായി.
സിപിഐ സംസ്ഥാനഘടകത്തെ എതിർത്തു കൊണ്ടു പ്രസ്താവനയിറക്കിയ ആനി രാജയ്ക്കും അവരെ പിന്തുണച്ച അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡി.രാജയ്ക്കുമെതിരേ രൂക്ഷമായ വിമർശനം അഴിച്ചുവിടാൻ സാധിച്ചതും കാനത്തിന്റെ കരുത്തു തെളിയിക്കുകയാണ്.
ഡി. രാജ സംഘടനാച്ചട്ടം ലംഘിച്ചുവെന്ന രൂക്ഷവിമർശനമാണ് സംസ്ഥാന ഘടകം ഉയർത്തിരിക്കുന്നത്. ആനി രാജയെ സംസ്ഥാന കൗണ്‍സിൽ വിമർശിക്കുന്പോൾ പിന്തുണയ്ക്കാൻ വനിതാ അംഗങ്ങൾ പോലും തയാറായില്ല.
എറണാകുളം ജില്ലയിൽ സിപിഐ മത്സരിച്ച രണ്ടു സീറ്റുകളിലെയും ദയനീയ പരാജയം ജില്ലാ പാർട്ടി നേതൃത്വത്തിന്റെ പിടുപ്പുകേടാണെന്നവിമർശനം ശക്തമായി ഉയർന്നു.
മൂവാറ്റുപുഴയിൽ സ്ഥാനാർഥിയുടെ ആഡംബരവിവാഹം പരാജയത്തിനു കാരണമായപ്പോൾ പറവൂരിൽ സ്ഥാനാർഥി നിർണയത്തിലൂടെ ജില്ലാ കമ്മറ്റി പരാജയം ചോദിച്ചുവാങ്ങി എന്ന വിമർശനമാണ് ഉയർന്നത്.
വി.ഡി. സതീശിനെ പോലെയുള്ള കരുത്തനായ നേതാവിനെതിരേ മത്സരിക്കാൻ ശക്തനായ സ്ഥാനാർഥിയെ ഇറക്കുന്നതിനു പകരം സ്ഥാനാർഥി നിർണയത്തിലൂടെ മറ്റു പലതുമാണ് നേതൃത്വം ആഗ്രഹിച്ചതെന്ന സൂചനയാണ് കൗണ്‍സിലിൽ ഉയർന്നത്.
ജയസാധ്യത നോക്കാൻ സാധിക്കാത്തതു ജില്ലാ നേതൃത്വത്തിന്റെ കഴിവുകേടായി പോയി. കരുനാഗപ്പള്ളിയിലെ പരാജയത്തെ കുറിച്ച ് അന്വേഷിക്കാൻ ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ചു കഴിഞ്ഞു. ഇതോടൊപ്പം പല മണ്ഡലങ്ങളിലെ പരാജയത്തെ കുറിച്ച് അന്വേഷിക്കാൻ കമ്മീഷനുകളെ നിയോഗിക്കും.
ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനെ പരസ്യമായി ശാസിക്കുന്ന ഘട്ടത്തിലും നിശബ്ദനായി പാർട്ടിയോടു വിധേയപ്പെട്ടു നിൽക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. അടുത്ത കാലത്ത് ഒരു പാർട്ടി ജില്ലാ സെക്രട്ടറിയെ പരസ്യമായി ശാസിക്കുന്നതും ആദ്യമായിരിക്കും.
ഇതു താഴേത്തട്ടിലേക്കു റിപ്പോർട്ട് ചെയ്യപ്പെടുമെന്നാണ് പാർട്ടി നിലപാട്.തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടുകൾ ഇന്ന് അംഗീകരിച്ചുകൊണ്ടാണ് യോഗം അവസാനിക്കുന്നത്.