മണ്ണാർക്കാട്: തോളിലിരുന്ന് ചെവി കടിക്കുന്നു എന്ന് ആക്ഷേപിച്ചവർ ഒക്കത്തിരുത്തി ഓമനിക്കുന്ന കാലമാണ് ഇനി വരുന്നതെന്നും അതിനായി പാർട്ടി പ്രവർത്തകർ ശ്രമിക്കണമെന്നും സി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ ഓർമ്മിപ്പിച്ചു. സി പി ഐ പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മൂന്നാം ദിവസം മണ്ണാർക്കാട് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കുടുബത്തിലുള്ളവരും ഒരേ പാർട്ടിയിലുള്ളവരും തമ്മിൽ അഭിപ്രായ വ്യത്യാസം സാധാരണയാണ്. അതുപോലെയാണ് എൽ ഡി എഫ് എന്ന മുന്നണിയിൽ സി പി എമ്മും സി പി ഐയും തമ്മിലുടലെടുത്തിട്ടുള്ളത്. എൽ ഡി എഫ് ജനപക്ഷ നിലപാടുകൾക്ക് ശക്തമായ പിന്തുണ നൽകുക എന്നതാണ് സി പി ഐ ചെയ്തു വരുന്നത്. കുറവുകൾ ഉണ്ടായാൽ ചൂണ്ടിക്കാണിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. സി പി ഐയുംസിപിഎമ്മും തമ്മിൽ കാര്യങ്ങൾ ചർച്ച ചെയ്തും പരസ്പരം തെറ്റുകൾ ചൂണ്ടിക്കാട്ടിയും സഹകരിച്ചുമാണ് ഇതുവരെ പ്രവർത്തിച്ചത്.
ഇനിയും ആ നിലയിൽതന്നെ മുന്നോട്ടു പോകും. ഒരുപാർട്ടിക്കുളളിൽ തന്നെ പല അഭിപ്രായം ശക്തമായിരിക്കേ രണ്ടു പാർട്ടികൾക്ക് ഒരേ അഭിപ്രായം വേണമെന്ന് ശഠിക്കുന്നത് ശരിയല്ല. എൽ ഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുന്പോൾ സി പി ഐ ഒരിക്കലും എതിരെ പ്രതികരിച്ചിട്ടില്ല. പ്രകടനപത്രികയ്ക്ക് പുറത്തുളള ചില കാര്യങ്ങളിൽ മാത്രമാണ് അഭിപ്രായം പറയുന്നത്.
അത് ഇനിയും പറയും. കാനം പറഞ്ഞു. വിവിധ സെഷനുകളിലായി സി പി ഐ ദേശീയ എക്സി അംഗം കെ .ഇ ഇസ്മയിൽ, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ. പ്രകാശ്ബാബു, സത്യൻ മൊകേരി, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ കെ പി രാജേന്ദ്രൻ, ടി പുരുഷോത്തമൻ, വി ചാമുണ്ണി, മുഹമ്മദ് മുഹ്സിൻ എം എൽ എ എന്നിവർ സംസാരിച്ചു.