ശാസ്താംകോട്ട: ഇടതുമുന്നണി സർക്കാർ കൊണ്ടുവന്ന നെൽവയൽ തണ്ണീർത്തട നിയമം സാധാരണക്കാരെ സഹായിക്കാനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സിപിഐ ശൂരനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടിയപാടം ഏലായിൽ നടന്ന കാർഷികോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 2008 ൽ എൽഡിഎഫ് കൊണ്ടുവന്ന നിയമം പിന്നീട് വന്ന യുഡിഎഫ് സർക്കാർ അട്ടിമറിച്ചു.
ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ വീടു വെയ്ക്കുന്നതിനായി ലക്ഷക്കണക്കിന് പാവപ്പെട്ടവരുടെ അപേക്ഷകളാണ് ലഭിച്ചത്. വ്യക്തമായി ബോധ്യമുള്ള വിഷയത്തിൽ ആവശ്യമായ ക്രമീകരണമുണ്ടാക്കാൻ മാത്രമാണ് നിയമം പറയുന്നത്. 1750 ചതുരശ്ര അടിയ്ക്ക് മുകളിലുള്ള വീടുകൾ നിർമിച്ച ആളുകൾക്ക് മാത്രമാണ് വിലയുടെ 50 ശതമാനം അടക്കേണ്ടി വരുന്നത്.
നെൽവയൽ അതു പോലെ സംരക്ഷിക്കുന്നവർക്ക് ലോയൽറ്റി നൽകുന്ന കാര്യം പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന നിലയിൽ നടപ്പിലാക്കാൻ ശ്രമിച്ചു വരികയാണ്. നെൽവയൽ തണ്ണീർത്തട ഓർഡിനൻസ് പിൻവലിക്കണമെന്ന വി.എം സുധീരന്റെ അഭിപ്രായം കാര്യങ്ങൾ മനസിലാക്കാതെയുള്ളതാണെന്നും കാനം കൂട്ടിച്ചേർത്തു.
ചടങ്ങിൽ മന്ത്രി പി.തിലോത്തമൻ അധ്യക്ഷത വഹിച്ചു. ആർ.രാമചന്ദ്രൻ എംഎൽഎ കർഷകരേയും കർഷക തൊഴിലാളികളേയും ആദരിച്ചു. കെ.ശിവശങ്കരൻനായർ, ആർ.എസ് അനിൽ, സി.എം ഗോപാലകൃഷ്ണൻനായർ, മുടിയിൽത്തറ ഗോപാലകൃഷ്ണൻ, മണ്ഡലം സെക്രട്ടറി പ്രഫ.എസ്.അജയൻ, എസ്.അനിൽ എന്നിവർ പ്രസംഗിച്ചു.