കൊച്ചി: സിപിഐ മാർച്ചിന് നേരെയുണ്ടായ ലാത്തിച്ചാർജിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ജില്ലയിൽ. ആലുവയിൽ നടക്കുന്ന പാർട്ടി മേഖല റിപ്പോർട്ടിംഗിലും പിന്നീട് നടക്കുന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലുമാണ് അദ്ദേഹം പങ്കെടുക്കുന്നത്. വൈകുന്നേരമാണ് ജില്ലാ എക്സിക്യൂട്ടീവ് യോഗം നടക്കുക. മൂന്നു ജില്ലകളിലെ പ്രവർത്തകർക്കായി നടക്കുന്ന മേഖല റിപ്പോർട്ടിംഗിലാണ് കാനം രാജേന്ദ്രൻ ആദ്യം പങ്കെടുക്കുന്നത്.
സിപിഐ മാർച്ചിനെക്കുറിച്ച് കാനം നടത്തിയ വിവാദ പരമർശങ്ങൾ നിലനിൽക്കെയാണ് ജില്ലയിലേക്കുള്ള അദ്ദേഹത്തിന്റെ വരവ്. സിപിഐ മാർച്ചിനെക്കുറിച്ച് കാനം നടത്തിയ വിവാദ പരമർശങ്ങളിലെ അതൃപ്തി ജില്ലാ നേതൃത്വം ഇതിനോടകംതന്നെ പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു. ഇക്കാര്യത്തിലുള്ള അതൃപ്തി യോഗത്തിൽ കാനത്തിനെ നേരിട്ട് അറിയിക്കാനാണ് ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. മാർച്ച് നടത്തുന്ന വിവരം കാനത്തെ ജില്ലാ നേതൃത്വം നേരത്തേ അറിയിച്ചിരുന്നതായാണു വിവരം.
എന്നാൽ, ഇപ്പോൾ മാർച്ചിനെക്കുറിച്ച് അറിയില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും നേതാക്കൾ പറയുന്നു. എംഎൽഎയെ പോലീസ് വീട്ടിൽ കയറിയല്ല മർദിച്ചതെന്നതടക്കമുള്ള പരാമർശങ്ങളാണു കാനം രാജേന്ദ്രന്റെ ഭാഗത്തുനിന്നുണ്ടായത്. സ്വന്തം പാർട്ടിയിലെ എംഎൽഎയ്ക്കെതിരേ തന്നെ പോലീസിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിൽ അതിക്രമം നടന്നിട്ടും സംസ്ഥാന സെക്രട്ടറി മൗനം പാലിക്കുന്നത് പ്രവർത്തകർക്കിടയിലും ആശങ്ക ഉളവാക്കിയിരുന്നു.
വൈപ്പിനിൽ ഡിവൈഎഫ്ഐ പ്രവർത്തകർ സിപിഐ ജില്ലാ സെക്രട്ടറിയെ തടഞ്ഞ സംഭവത്തിൽ ഞാറയ്ക്കൽ സിഐ നിഷ്പക്ഷമായല്ല പ്രവർത്തിച്ചത് എന്നാരോപിച്ചാണ് സിപിഐ പ്രവർത്തകർ കൊച്ചി ഡിഐജി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. സിഐയെ സ്ഥലം മാറ്റണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. മാർച്ചിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ കൈയ്ക്ക് പൊട്ടലേറ്റ എൽദോ എബ്രഹാം എംഎൽഎ ഇന്നലെയാണ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജായത്.
ഇതിനിടെ, മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം സംഭവത്തിൽ അന്വേഷണം നടത്തുന്ന ജില്ലാ കളക്ടറുടെ സിറ്റിംഗ് ഇന്ന് നടക്കും. പരിക്കേറ്റ കൊച്ചി സിറ്റി എസിപി ലാൽജി, എസ്ഐ വിപിൻദാസ് എന്നിവരുടേതടക്കം മൊഴി കളക്ടർ രേഖപ്പെടുത്തും. സിപിഐ പ്രവർത്തകരും മൊഴി നൽകാനെത്തിയേക്കും. സംഭവത്തിൽ പ്രാഥമിക വിവരങ്ങൾ കളക്ടർ നേരത്തേ തേടിയിരുന്നു.