കൊല്ലം: ഇടതുപക്ഷത്തിന് ദിശാബോധം നല്കാന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രമേയത്തിന് കഴിഞ്ഞുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഏറ്റവും കൂടുതല്‍ പൊതുജന അംഗീകാരം ലഭിച്ചതും ജനങ്ങള്‍ ചര്‍ച്ച ചെയ്തതും സിപിഐയുടെ രാഷ്ട്രീയ പ്രമേയമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി, സംഘപരിവാര്‍ ശക്തികളെ ചെറുക്കാന്‍ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ വിശാല ജനകീയ പൊതുവേദി ഉയര്‍ത്തിപ്പിടിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെടുന്നു.
ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചവര്‍ ധാരാളം. അവരില്‍ സുഹൃത്തുക്കളും ശത്രുക്കളുമുണ്ടായിരുന്നു. ചിലര്‍ സിപിഐ പഴയ നിലപാടിലേയ്ക്ക് തിരിച്ചുപോകുന്നുവെന്ന് പ്രചരിപ്പിച്ചു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്ഥിയുണ്ടായി. ഇത് സിപിഐയുടെ ആശയത്തിന് ലഭിച്ച സ്വീകാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു.
സിപിഐ 23ാം കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ചേര്‍ന്ന ദക്ഷിണ മേഖലാ ജനറല്‍ബോഡിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പ് നടന്ന ദേശീയ കൗണ്‍സില്‍ നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ പൊതുശത്രുവിനെതിരെ പോരാടേണ്ടതിന്റെ പ്രാധാന്യം എടുത്തുപറയുകയുണ്ടായി. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെയുള്ള കൂട്ടായ്മയെ ബദല്‍ രാഷ്ട്രീയ സഖ്യമാണെന്ന് തെറ്റിദ്ധരിക്കേണ്ട. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് പറയുന്നില്ല.
സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ രൂപംകൊള്ളുന്നത്. ഒരു കാലത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ദേശീയ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടായിരുന്നില്ലെന്നും പ്രാദേശിക അടിസ്ഥാനത്തില്‍ ഉള്ള സഖ്യം മാത്രമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലുള്ള സാധ്യത ഉപയോഗപ്പെടുത്തി ജനകീയ സ്വാധീനം വളര്‍ത്താനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ദുരിതമനുഭവിക്കുന്നവരുടെയും അവകാശ പോരാട്ടം വളര്‍ത്തിക്കൊണ്ടുവരാനും പരിശ്രമിക്കുകയാണ് പാര്‍ട്ടിയുടെ കടമ. ഇക്കാര്യത്തിലുള്ള സംഘടനാദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകണം. പാര്‍ട്ടിയെ ജനകീയ പ്രശ്നങ്ങളുമായി ബന്ധിപ്പിക്കാന്‍ മുന്നോട്ടുവരണമെന്നും പാര്‍ട്ടി കോണ്‍ഗ്രസ് അഭ്യര്‍ഥിച്ചു. രാഷ്ട്രീയമായും സംഘടനാപരമായും ഏറ്റവുമധികം ഐക്യം പ്രകടമായതാണ് കൊല്ലം സമ്മേളനത്തിന്റെ സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഇപ്പോഴേ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചുകഴിഞ്ഞു. എല്ലാ വിമര്‍ശനങ്ങളുടെയും മുനയൊടിക്കുക എന്ന ലക്ഷ്യത്തോടെ വമ്പിച്ച പരസ്യങ്ങള്‍ വിവിധ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ അപകടം മുന്നില്‍ കണ്ട് ഇപ്പോഴേ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംഘടനാപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി സഖാക്കളോട് അദ്ദേഹം അഭ്യര്‍ഥിച്ചു.
ഫാസിസ്റ്റ് സംഘടനയായ ആര്‍എസ്എസിന്റെ ജനാധിപത്യമുഖമാണ് ബിജെപി. ഹിറ്റ്ലര്‍ തുടക്കത്തില്‍ സ്വീകരിച്ച അതേ തന്ത്രമാണ് ഇവരും പിന്തുടരുന്നത്. ബിജെപി സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും നിയന്ത്രിക്കുന്നത് ആര്‍എസ്എസാണ്. എല്ലാ മേഖലകളിലും അവര്‍ കൈകടത്തുന്നു. പോണ്ടിച്ചേരി കോണ്‍ഗ്രസ് പാസാക്കിയ പ്രമേയത്തില്‍ വരാന്‍പോകുന്ന ഈ അപകടം ചൂണ്ടിക്കാണിച്ചിരുന്നു.
നിലവിലുള്ള ഭരണം കൂടുതല്‍ ഫാസിസ്റ്റ് പ്രവണതകളിലേയ്ക്ക് നീങ്ങുമെന്ന് അന്ന് ചൂണ്ടിക്കാണിച്ചത് തികച്ചും ശരിയാണെന്ന് ഇപ്പോള്‍ ബോധ്യമായി. വാഗ്ദാന ലംഘനങ്ങളുടെ നാല് വര്‍ഷമാണ് പിന്നിട്ടത്. കൃഷിക്കാര്‍, തൊഴിലാളികള്‍, വനിതകള്‍, ദളിത് ആദിവാസി വിഭാഗങ്ങള്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി സമസ്ത ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ അവഗണിച്ച കേന്ദ്ര സര്‍ക്കാരാണിതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്യമൊട്ടാകെ സഞ്ചരിക്കുന്ന നാല് പ്രചരണജാഥകള്‍ സംഘടിപ്പിക്കാന്‍ പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് തീരുമാനിച്ചു. ഒക്ടോബറില്‍ ഈ ജാഥകള്‍ ഡല്‍ഹിയില്‍ പ്രകടനത്തോടെ സമാപിക്കും. 20 ന് പെട്രോള്‍ വിലക്കയറ്റത്തിനെതിരെ ദേശീയ പ്രതിഷേധ ദിനമായി ആചരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.