കയ്പമംഗലം : ശബരിമല വിഷയത്തിന്റെ പേര് പറഞ്ഞു കേരളത്തെ മലിനമാക്കാൻ സംഘപരിവാർ ശക്തികൾക്ക് കഴിയില്ലെന്നും മതനിരപേക്ഷത നിലനിർത്താൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂവെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സിപിഐ എറിയാട് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
രാജ്യത്തെ മുഴുവൻ ജനങ്ങളും മോഡി സർക്കാരിന്റെ ഭരണം തുടരാൻ ആഗ്രഹിക്കുന്നില്ല. തൊഴിലില്ലായ്മയും കർഷകദ്രോഹ നടപടികളും ജനദ്രോഹ തീരുമാനങ്ങളും കൊണ്ട് മോഡി സർക്കാർ ജനങ്ങളെ കുത്തുപാളയെടുപ്പിച്ചു. കുത്തകൾക്കു ബാങ്ക് കൊള്ളയടിക്കാൻ അവസരം ഒരുക്കി കൊടുത്ത് മോഡി സർക്കാരാണെന്നും കാനം രാജേന്ദ്രൻ ആരോപിച്ചു.
സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.പി.രാജേന്ദ്രൻ പി.പി.സദാനന്ദൻ സ്മാരക ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ചു. കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ മുതിർന്ന പാർട്ടി പ്രവർത്തകരെ ആദരിച്ചു.
സിപിഐ സംസ്ഥാന കമ്മിറ്റി അംഗം കെ.ശ്രീകുമാർ കലാ കായിക പ്രതിഭകളെയും ഇ.ടി.ടൈസണ് മാസ്റ്റർ എംഎൽഎ മത്സ്യ തൊഴിലാളികളെയും യോഗത്തിൽ ആദരിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ,വി.ആർ.സുനിൽകുമാർ എംഎൽഎഎ തുടങ്ങിയവർ സംസാരിച്ചു