എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയുള്ള നീക്കം ശക്തമാക്കി കെഇ ഇസ്മായിൽ പക്ഷം. എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനും അസിസ്റ്റന്റ് സെക്രട്ടറി എൽദോ എബ്രാഹം എംഎൽഎ എന്നിവർക്കും മർദ്ദനമേറ്റിട്ടും കാനം രാജേന്ദ്രന്റെ പ്രതികരണം ശക്തമായിരുന്നില്ല.
ആഭ്യന്തര വകുപ്പിനെ വിമർശിക്കാതെ പോലീസുകാർക്കെതിരെ വിമർശനം ഉന്നയിക്കുക മാത്രമാണ് ചെയ്തത്. കാനത്തിന്റെ സമീപനം മുൻഗാമികൾക്ക് ചേർന്നതല്ലെന്ന വിമർശനമാണ് പാർട്ടിയ്ക്കുള്ളിൽ നിന്ന് ശക്തമായി ഉയർന്നിരിക്കുന്നത്.
ഇപ്പോഴത്തെ തിരുവനന്തപുരം ഡെപ്യൂട്ടി മേയറും മുൻ എഐവൈഎഫ് നേതാവുമായ രാഖി രവികുമാർ അടക്കമുള്ള വനിതാ പ്രവർത്തകരെ കന്റോൺമെന്റ് പോലീസ് അറസ്റ്റു ചെയ്തപ്പോൾ അന്നത്തെ പാർട്ടി സെക്രട്ടറി ആയിരുന്ന വെളിയം ഭാർഗവൻ അവരെ സ്റ്റേഷനിൽ നിന്നും ഇറക്കുവാനായി മുണ്ടും മടക്കി കുത്തി കന്റോൺമെന്റ് സ്റ്റേഷനിലെത്തിയതും അവരെ ശക്തമായ ഇടപെടലിലൂടെ ഇറക്കി കൊണ്ടുപോയതും ഓർമ്മിപ്പിച്ചാണ് കാനത്തിനെതിരെ നീക്കവുമായി പാർട്ടിയിലെ വിമത വിഭാഗം രംഗത്ത് എത്തിയിരിക്കുന്നത്.
നേരത്തെ പല വിഷയങ്ങളിലും സിപിഎമ്മിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്ന കാനം ഇപ്പോൾ സിപിഎമ്മിനോട് മൃദുസമീപനമാണ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായും പല കാര്യങ്ങളുമായി യോജിച്ചു പോകുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
കാനത്തിന്റെ പെട്ടെന്നുള്ള ശൈലിമാറ്റം എന്തുകൊണ്ടാണെന്ന ചോദ്യം അദ്ദേഹത്തിന്റെ അനുയായികളിൽ നിന്നു തന്നെ ഉയർന്നു തുടങ്ങിയിട്ടുണ്ട്. എറണാകുളം ജില്ലാ കമ്മറ്റിയിൽ കാനത്തിനോട് അനുഭാവം പുലർത്തുന്നവരാണ് കൂടുതലും. എന്നാൽ പാർട്ടി ജില്ലാ സെക്രട്ടറിയ്ക്കും എംഎൽഎയ്ക്കും പോലിസിന്റെ അടികിട്ടിയതോടെ കാനം അനുകൂലികൾക്കടക്കം വലിയ പ്രതിഷേധമാണ് കാനത്തിനെതിരെയുള്ളത്.
ഇന്നു എറണാകുളം ജില്ലാകമ്മറ്റിയിൽ പങ്കെടുക്കാൻ കാനം എറണാകുളത്തു എത്തിയിട്ടുണ്ട്. ഈ കമ്മറ്റിയിൽ പോലീസിനെതിരേയും പാർട്ടി നേതൃത്വത്തിനെതിരേയും ശക്തമായ വിമർശനം ഉയരുമെന്ന് ഉറപ്പാണ്. സിപിഎമ്മിന്റെ നിഴലായി നിൽക്കുന്ന നേതൃത്വം വേണ്ടെന്ന ശക്തമായ സന്ദേശം തന്നെ കാനത്തിന് നൽകുമെന്നാണ് ജില്ലാ കമ്മറ്റി അംഗങ്ങൾ പറയുന്നത്.
എംഎൽഎ അടക്കമുള്ളവരെ മർദ്ദിച്ച പോലീസുകാർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ പരസ്യ പ്രതിഷേധവുമായി രംഗത്ത് എത്തുമെന്ന് കാനത്തോട് ജില്ലാ നേതൃത്വം തന്നെ പറയും. കാനത്തോട് അനുഭാവം പുലർത്തുന്നവർ തന്നെ പ്രതിഷേധവുമായി രംഗത്ത് എത്തിയത് ഇസ്മായിൽ പക്ഷം സസൂക്ഷമം നോക്കുകയാണ്. ഇന്നത്തെ ജില്ലാ കമ്മറ്റിയിൽ പൊട്ടിത്തെറി ഉണ്ടായാൽ അതു മുതലാക്കാൻ തന്നെയാണ് അവരുടെ തീരുമാനം.