മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എന്നാൽ ഇടതു സർക്കാരിന്റെ ഭരണനേട്ടങ്ങൾ വോട്ടിംഗിൽ പ്രതിഫലിക്കുമെന്ന് മലപ്പുറത്ത് മാധ്യമ പ്രവർത്തകരോടു സംസാരിക്കവെ കാനം പറഞ്ഞു.
ഒരുകാലത്തും ഇടതുപക്ഷത്തിനൊപ്പം നിലകൊണ്ട മണ്ഡലമല്ല വേങ്ങര. 90 സീറ്റോടെ അധികാരത്തിലെത്തിയപ്പോഴും വേങ്ങരയിൽ ഇടതുപക്ഷം വിജയം കണ്ടിട്ടില്ല. ഫാസിസത്തെ ചെറുക്കാൻ ഇടതുപക്ഷത്തിനേ കഴിയൂവെന്നു ന്യൂനപക്ഷങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. രാജ്യത്തെ വർഗീയതയെയും ഏകാധിപത്യത്തെയും തടയാൻ യോജിച്ച പോരാട്ടം നടത്താൻ ഇടതുപക്ഷത്തിനേ കഴിയൂ- കാനം പറഞ്ഞു.
പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലിയുള്ള അപശ്രുതി ഒഴിവാക്കാൻ രമേശ് ചെന്നിത്തല എന്തെങ്കിലും വിളിച്ചു പറയുന്നേയുള്ളൂവെന്നു കാനം പറഞ്ഞു.