റാന്നി: കണമല പാലം നിർമാണത്തിൽ ഗുരുതര വീഴ്ച വരുത്തിയവരെ തുറുങ്കിലടയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന് രാജു ഏബ്രഹാം എംഎൽഎ. ചീഫ് എൻജിനിയർ അടക്കം പരിശോധന നടത്തിയപ്പോൾ അടിഭാഗത്തുളള പ്രധാന സ്ലാബിന് തകരാറില്ലെന്നറിയിച്ചിട്ടുണ്ട്.
മുകളിൽ സ്ഥാപിച്ചിരിക്കുന്ന ചെറിയ സ്ലാബിന്റെ ഭാഗമാണ് ഇപ്പോൾ തകർന്നിരിക്കുന്നത്. 100 വർഷമായിട്ടും ഒരു പോറൽ പോലും ഏൽക്കാത്ത നിരവധി പാലങ്ങൾ കേരളത്തിലുണ്ട്. എന്നാൽ രണ്ടുവർഷം കാലാവധി പൂർത്തിയാകും മുന്‍പ് സ്ലാബിന് തകർച്ചയുണ്ടാകുകയെന്നത് നിർമാണത്തിലെ ഗുരുതരമായ അഴിമതിയാണ് കാരണം. പൊട്ടിയ ഭാഗം നേരിട്ട് പരിശോധിച്ചപ്പോൾ കോണ്‍ക്രീറ്റിൽ സിമന്റിന്റെ അംശം വളരെ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പാറപ്പൊടി ചേർത്ത് നിർമിച്ചുള്ള മിശ്രിതം പോലെ പാലത്തിന്റെ മുകൾ ഭാഗം ഇളകി വരികയാണ്. ഇപ്പോൾ ഇളകിയതു കൂടാതെ പാലത്തിന്റെ മുകൾ ഭാഗം പല സ്ഥലത്തും പൊട്ടി വിണ്ടുകീറിയിരിക്കുകയാണ്. വിദഗ്ധ പരിശോധന നടത്തണമെങ്കിൽ മുകളിലത്തെ സ്ലാബ് ഇളക്കി താഴെയുളള സ്ലാബ് പരിശോധിക്കണം.നിയമാനുസരണമുള്ള അളവിലുള്ള സിമന്റ് ചേർക്കാതെയാണ് അടിവശത്തെ സ്ലാബും നിർമിച്ചിട്ടുള്ളതെങ്കിൽ പാലത്തിന് വലിയ ആയുസുണ്ടാകാൻ വഴിയില്ലെന്നും എംഎൽഎ ആരോപിച്ചു.
കണ്‍സ്ട്രക്ഷൻ കോർപറേഷൻ കരാറെടുത്ത് മറുകച്ചവടം നടത്തി ഏല്പിച്ച കരാറുകാരനാണ് പാലം നിർമിച്ചിരിക്കുന്നത്. സംസ്ഥാനത്തിന് വൻ നഷ്ടം വരുത്തിവച്ച ഈ കളളക്കച്ചവടത്തിന് ഉത്തരവാദികളായ മുഴുവൻ പേർക്കും ഏതിരേ രാജ്യദ്രോഹത്തിന് സമാനമായ വകുപ്പുകൾ ഉപയോഗിച്ച് നടപടി സ്വീകരിക്കണം എന്നും എംഎൽഎ പറഞ്ഞു.