കണമല : അപകട ഭീതിയോടെ ഉറക്കമൊഴിഞ്ഞിരുന്നത് കൊണ്ട് ഉരുളപൊട്ടലിൽ ജീവനോടെ രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് പന്പാവാലിയിലെ നാട്ടുകാർ.ഇന്നലെ രാത്രി 11 മുതൽ അനുഭവപ്പെട്ട മുഴക്കങ്ങളാണ് നാട്ടുകാരിൽ അപകട ഭീതിയും ജാഗ്രതാ മുന്നറിയിപ്പും സൃഷ്ടിച്ചത്.
രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. കീരിത്തോട്, മൂക്കൻപെട്ടി എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം.
ഉമ്മിക്കുപ്പ ഭാഗത്ത് വൻതോതിൽ മണ്ണിടിച്ചിലുണ്ടായി. കീരിത്തോട് ബൈപാസ് റോഡിൽ പനന്തോട്ടം ജോസിന്റെ വീട്ടിലേക്കാണ് മലവെള്ളപ്പാച്ചിൽ ആദ്യമെത്തിയത്.
വീട്ടിൽ അപകട ഭീതിയിൽ ഉറക്കമൊഴിഞ്ഞിരുന്ന ജോസും ഭാര്യയും ഓടി രക്ഷപെടുന്പോൾഈ വീടിനെ തകർത്ത് ഒഴുക്കിയ മലവെള്ളം തൊട്ട് താഴെ തെനിയെപ്ലാക്കൽ ജോബിന്റെ വീട്ടിലേക്ക് എത്തി.
ഇവിടെ മുറിക്കുള്ളിൽ ജോബിന്റെ അമ്മ ചിന്നമ്മ (60) മണ്ണും കല്ലുകളും നിറഞ്ഞ് കുടുങ്ങിപ്പോയി. ജോബിനും ഭാര്യ മേരിക്കുട്ടിയും മക്കളായ ജോസ്ന, ജോജി എന്നിവരും അയൽവാസികളും ചേർന്ന് ഏറെ പണിപ്പെട്ടാണ് മണ്ണും കല്ലുകളും ചെളിയും മാറ്റി തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ചിന്നമ്മയെ പുറത്തെടുത്ത് രക്ഷിച്ചത്.
മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കണമലയിൽ ദുരിതാശ്വാസ ക്യാന്പിൽ കഴിയുകയാണ് ചിന്നമ്മ.അയല്പക്കത്തെ ആൾതാമസമില്ലാത്ത വീടും തകർന്നു. സമീപത്തെ വീടുകൾക്ക് ഭാഗിക നാശനഷ്ടങ്ങളുണ്ട്.
ഇടത്തിനകത്ത് അപ്രേമിന്റെ മകൾ അൽഫോൻസയുടെ സ്കൂട്ടറും ചെരുവിൽ സി.വി. തോമസിന്റെ മകൻ ജെബിന്റെ ഓട്ടോറിക്ഷയും ഒലിച്ചുപോയി. കീരിത്തോട് ബൈപാസ് റോഡ് പൂർണമായും തകർന്നു.
റോഡിന്റെ ഒരു വശത്ത് 500 മീറ്ററോളം ഭാഗം ഒലിച്ചുപോയി വലിയ ഗർത്തമായി മാറി. ചിലയിടങ്ങളിൽ നെടുനീളത്തിൽ വിള്ളലുകൾ രൂപപ്പെട്ട നിലയിലുമാണ്.
വൻതോതിലാണ് കല്ലുകളും മണ്ണും ചെളിയും റോഡുകളിലും വീടുകളിലും നിറഞ്ഞിരിക്കുന്നത്. ക്യാന്പിലേക്ക് ഇപ്പോൾ 35 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.