കൊച്ചി: രാജ്യാന്തര ഭീകരസംഘടനയായ ഐഎസ് ബന്ധമുള്ളവര്‍ കനകമലയില്‍ ഒത്തുചേര്‍ന്ന് ആക്രമണത്തിനു ഗൂഡാലോചന നടത്തിയെന്ന കേസില്‍ കൊച്ചി എന്‍ഐഎ കോടതി ശിക്ഷ വിധിച്ചു. കേസിലെ ആറു പ്രതികള്‍ക്കും തടവും പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
ഒന്നാം പ്രതി തലശേരി സ്വദേശി മന്‍സീദിന് 14 വര്‍ഷവും, രണ്ടാം പ്രതി സ്വാലിഹിന് 10 വര്‍ഷവും മൂന്നാം പ്രതി മുഹമ്മദ് റാഷിദിന് ഏഴു വര്‍ഷവും, മറ്റു പ്രതികളായ റംഷാദ് നങ്കീലന് മൂന്നുവര്‍ഷവും, തിരൂര്‍ സ്വദേശി സ്വാഫാന്‍, കാഞ്ഞങ്ങാട് സ്വദേശി സുബഹാനി ഹാജ മൊയ്തീന് എന്നിവര്‍ക്ക് എട്ടുവര്വും തടവും പിഴയുമാണ് ശിക്ഷ. കേസിലെ ഒന്നും രണ്ടും പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് കോടതി കണ്ടെത്തി.
വിവിധ വകുപ്പുകളിലായി പ്രതികള്‍ക്കു ലഭിച്ച ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി. കേസില്‍ ആറു പേര് കുറ്റക്കാരെന്ന് എന്‍ഐഎ കോടതി കണ്ടെത്തിയിരുന്നു. കേസിലെ ആറാം പ്രതിയായ ജാസിമിനെ കോടതി വെറുതെ വിട്ടു. കൃത്യമായി തെളിവുകള്‍ ഹാജരാക്കിയതിന് കോടതി അന്വേഷണസംഘത്തെ അഭിനന്ദിച്ചു. കേസില്‍ 70 പേരെയാണ് സാക്ഷികളായി വിസ്തരിച്ചത്.
ആദ്യ കുറ്റപത്രത്തില്‍ ഒന്‍പത് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ സജീര്‍ എന്നയാള്‍ അഫ്ഗാനില്‍ വച്ച് കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കേരള, തമിഴ്നാട് സ്വദേശികളായ ആറുപേരാണ് കേസിലെ പ്രതികളായിരുന്നത്. 2016 ഒക്ടോബറില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി കനകമലയില്‍ ഐഎസ് അനുകൂല രഹസ്യയോഗം ചേര്‍ന്നെന്നാണ് കേസ്.
കേരളത്തിലും തമിഴ്നാട്ടിലും ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഐഎസ് അനുഭാവികളെ എന്‍ഐഎ അന്വേഷണസംഘമാണ് തിരിച്ചറിഞ്ഞത്. ജഡ്ജിമാരെയും ഒരു പോലീസ് ഉദ്യോഗസ്ഥനെയും വധിക്കാന്‍ ഇവര്‍ ഗൂഡാലോചന നടത്തിയെന്നായിരുന്നു എന്‍ഐഎയുടെ കണ്ടെത്തൽ. അതോടൊപ്പം കൊച്ചിയില്‍ മുസ്ലീം സമുദായസംഘടനയുടെ സമ്മേളനത്തിലേക്കു ജീപ്പിടിച്ചു കയറ്റാനും ഒരു ബിജെപി നേതാവിനെ വധിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നു.