കണമല: വെറും 30 ചക്കകൾ കൊണ്ട് 12500 രൂപ നേടാനാകുമോയെന്ന് ഇനി കണമലയിൽ ആരും ചോദിക്കില്ല. അതിന്റെ ഉത്തരം ഇങ്ങനെ.
ഒറ്റ പ്ലാവിൽ നിന്ന് പറിച്ച 30 ചക്കകൾ കർഷകർ ചുറ്റുമിരുന്ന് വെട്ടി ചുളകൾ അടർത്തി ഒരുക്കി 100 കിലോയോളമെത്തിയപ്പോൾ അതുമായി കോരുത്തോട്ടിൽ കെഎഫ്പിസിയുടെ ഡ്രയറിൽ എത്തി ഉണക്കിയതോടെ വില 12500 ആയി. ഇതിനു കർഷകർ നന്ദി പറയുന്നത് കണമലയിലെ സഹകരണ ബാങ്കിന്റെ ഭക്ഷ്യ ആരോഗ്യ സ്വരാജ് കാന്പയിനോട്.
ഭക്ഷ്യസുരക്ഷക്കായി സുരക്ഷിത ഭക്ഷണത്തിനായ് എന്ന സന്ദേശം നൽകി കണമല ബാങ്ക് നടപ്പിലാക്കുന്ന ഭക്ഷ്യ ആരോഗ്യ സ്വരാജ് കാന്പയിനിന്റെ ഭാഗമായി കണമല ബാങ്കിന്റെ കീഴിലുള്ള എരുത്വാപ്പുഴ ഹരിത ഫാർമേഴ്സ് ക്ലബ് അംഗങ്ങളാണ് ഒരു പ്ലാവിൽനിന്നു പറിച്ച 30 ചക്കകൾ വെട്ടി ഒരുക്കി ഉണക്കിയെടുത്തത്.
ഉണങ്ങിയ ചക്കച്ചുളയ്ക്ക് കിലോയ്ക്ക് 500-ൽ കുറയാതെ വില ലഭി ക്കും. വെറുതെ വലിച്ചെറിഞ്ഞിരുന്ന ചക്കകൾക്ക് വൻ വില ഉണ്ടെന്ന് കർഷകർക്ക് തിരിച്ചറിവ് നൽകിയത് മാത്രമല്ല ഒട്ടേറെ ലാഭകരമായ കാർഷിക സംരംഭങ്ങളാണ് തരിശു ഭൂമികൾ ഏറ്റെടുത്ത് കൃഷി നടത്തുന്ന പദ്ധതിയുൾപ്പെടെ ബാങ്ക് നടപ്പിലാക്കിക്കൊണ്ടിരിക്കന്നതെന്ന് പ്രസിഡന്റ് ബിനോയ് മങ്കന്താനം പറഞ്ഞു.