കണമല: മനോജ് ഒന്നു പതറിയിരുന്നെങ്കിൽ ഇന്നലെ പന്പാവാലി വാർഡിലെ എഴുകുംമണ്ണിൽ അഴുതയാറിലെ റോഡരികിൽ ആനയുടെ ആക്രമണത്തിൽ മനോജിന്റെയും അമ്മ ഓമനയുടെയും ജീവൻ അപകടത്തിലാ കുമായിരുന്നു. |
ഇന്നലെ രാവിലെ എട്ടിന് എഴുകുംമണ്ണ് പൊടിപ്പാറ വീട്ടിൽ മനോജും (35) അമ്മ ഓമനയും (60) വളക്കുഴി കടവിൽ കുളിക്കാനും വസ്ത്രങ്ങൾ കഴുകുന്നതിനുമായി ഓട്ടോയിൽ വന്നിറങ്ങുന്പോഴാണ് ഇതേ ആന തുന്പിക്കൈ ചുഴറ്റി റോഡിലേക്ക് ഓടിവന്നത്.
വണ്ടി സ്റ്റാർട്ടാക്കി ഓടിച്ച് രക്ഷപ്പെടാനുള്ള സമയം കിട്ടിയില്ല. അതിനുമുന്പേ ആന എത്തിക്കഴിഞ്ഞിരുന്നു. പ്രായമായ അമ്മയ്ക്ക് ഇറങ്ങി ഓടാൻ ശേഷിയില്ല.
എല്ലാം ഒരു നിമിഷം കൊണ്ട് തീരുമല്ലോ ദൈവമേ എന്നു മനസിൽ തോന്നിയ നിമിഷമാണ് കൈവശമുള്ള തോർത്ത് എടുത്ത് ഉയർത്തി വീശി ആനയുടെ മുന്നിലേക്ക് കയറി നിൽക്കാൻ മനോജിന് തോന്നിയത്.
വല്ലാത്ത ധൈര്യം എങ്ങനെയോ കിട്ടിയതുപോലെയായിരുന്നു അപ്പോഴെന്ന് പറയുന്പോൾ മനോജിന്റെ കണ്ണുകളിൽ ഭീതി മായുന്നില്ല. തോർത്ത് വീശിക്കാട്ടി മുന്നിൽ നിന്നതോടെ ഓട്ടോയ്ക്ക് സമീപത്തേക്ക് വന്ന ആനയുടെ ശ്രദ്ധ മനോജിന്റെ നേർക്കായി.
അമ്മയോട് ഓടിക്കോളാൻ വിളിച്ചുപറഞ്ഞ് മനോജ് ആനയുടെ മുന്പിൽ മുന്നോട്ട് ഓടി. ഈ സമയം ഓട്ടോയിൽ നിന്നിറങ്ങിയോടി അമ്മ രക്ഷപ്പെടുകയായിരുന്നു.
മനോജിനെ പിന്തുടർന്ന് ആന 60 മീറ്റർ അകലെയുള്ള ഫോറസ്റ്റ് വനിതാ ക്വാർട്ടേഴ്സിന്റെ അടുത്തെത്തി. മനോജ് ഉറക്കെ ശബ്ദം കൂട്ടി വനപാലകരെ വിളിച്ചപ്പോഴേക്കും ആന പിന്തിരിഞ്ഞു. തുടർന്ന് പിന്നാലെ മനോജ് ചെല്ലുന്പോൾ ഓട്ടോറിക്ഷ ചവിട്ടിമറിച്ചിടുകയായിരുന്നു ആന.
സമീപത്തെ മഹാഗണി മരത്തിൽ തട്ടിയാണ് ഓട്ടോ മറിഞ്ഞുവീണത്. വീണ്ടും ഓട്ടോ തകർക്കാൻ ആന ശ്രമിക്കുന്നത് കണ്ട് മനോജ് കൈ കൊട്ടി ശബ്ദമുണ്ടാക്കി.
ഇതോടെ ശബ്ദം കേട്ടു മനോജ് നിന്ന ഭാഗത്തേക്ക് റോഡ് കുറുകെ കടന്ന് ആന ഓടി. വീണ്ടും ഓടിയ മനോജ് ഫോറസ്റ്റ് സ്റ്റേഷന് മുന്പിലെത്തിയാണ് ഓട്ടം നിർത്തിയത്. അപ്പോഴേക്കും വനപാലകർ തയാറായി എത്തിയിരുന്നു.
വനപാലകരും നാട്ടുകാരും ചേർന്ന് ശബ്ദമുണ്ടാക്കി പിന്തുടർന്നതോടെ ആന മുണ്ടക്കയം ബ്ലോക്ക് ഭാഗത്തേക്കുള്ള വനത്തിലേക്ക് കയറിപോവുകയായിരുന്നു. ഒരാഴ്ചയായി നാടിനെ ഭീതിയിലാക്കി ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് മേഖലയിലുടനീളം കാട്ടാനകൾ.
കഴിഞ്ഞ ദിവസം എഴുകുംമണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകൻ ഉടുന്പക്കൽ മനോജ്, സുഹൃത്ത് സന്തോഷ്, ഇവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറ്റിലെ വളക്കുഴി കടവിൽ കുളിക്കുന്പോഴാണ് ആന പാഞ്ഞെത്തിയത്. മക്കളെ എടുത്തും സ്ത്രീകളുടെ കൈയിൽ പിടിച്ചും ഇവർ ഓടിമാറി രക്ഷപ്പെടുകയായിരുന്നു.
കാളകെട്ടി സ്വദേശി വാസുക്കുട്ടി കൊച്ചുമകനുമായി കഴിഞ്ഞ ദിവസം ഇവിടെ കുളിച്ചുകൊണ്ടിരുന്നപ്പോൾ ആന തൊട്ടുപുറകിലെത്തി. കൊച്ചുമകനെയും എടുത്ത് വയോധികൻ ഓടി രക്ഷപ്പെടുകയായിരുന്നു. ആനയുടെ മുന്നിൽപെട്ടതിന്റെ ഭീതിയിലാണ് നാട്ടുകാരനായ ക്ളീറ്റസ് ജോസഫും.
റബർ ടാപ്പ് ചെയ്യുന്നതിനിടെ ആന എത്തിയത് കണ്ട് ഓടിരക്ഷപ്പെടുന്നതിനിടെ വീണ് ഒരാൾക്ക് പരിക്കുമേറ്റു. പിടിയാനയാണ് നിരന്തരമായി ആക്രമിക്കാനെത്തുന്നത്.
കൂടാതെ കൂട്ടമായും ആനകൾ എത്തുന്നുണ്ട്. നദിയിൽ വെള്ളം തേടിയെത്തുന്ന ആനകൾ കൃഷികൾ നശിപ്പിച്ചിട്ടാണ് മടങ്ങുക. നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ് .
അല്ലാത്തപക്ഷം പ്രദേശത്ത് ജനജീവിതം കൂടുതൽ അപകടകരമാകുമെന്ന് പരിഭ്രാന്തിയോടെ നാട്ടുകാർ പറയുന്നു.